റാഞ്ചി,ജാർഖണ്ഡ്∙ കൂട്ടിവച്ച ചെറുതുകകളുടെ സമ്പാദ്യം കൊണ്ട് അഞ്ചു ശുചിമുറികൾ നിർമിച്ച ഏട്ടാം ക്ലാസുകാരി നാടിന്റെ പൊന്നോമനയായി. ജംഷഡ്പുർ ടെൽകോ ഹിൽ ടോപ് പബ്ലിക് സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിനി മോദ്രിത ചാറ്റർജിയാണു ഗോർവധിപുരിലും സമീപ ഗ്രാമങ്ങളിലും ശുചിത്വസന്ദേശമെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രചാരകയായത്.
2016 ഡിസംബറിൽ, പോക്കറ്റ് മണിയും ചെറു സമ്പാദ്യങ്ങളും അടങ്ങിയ 12,000രൂപ ഉപയോഗിച്ച് ഗോർവധിപുർ ഗ്രാമത്തിനു ശുചിമുറി പണിതു നൽകിയ മോദ്രിത നാടിനു പകർന്ന ശുചിത്വ സന്ദേശം ദേശീയതലത്തിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഗ്രാമത്തിലെ ആദ്യ ശുചിമുറിയായിരുന്നു ഇത്.
ടെൽകോയുടെ സഹകരണത്തോടെ ഹൽദുബനിയിൽ നിർമിച്ച അഞ്ചാമത്തെ ശുചിമുറി ഇന്നലെ തുറന്നു. മോദ്രിതയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി രഘുബർദാസും വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. ജംഷഡ്പുരിലെ സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനത്തിലെ ജീവനക്കാരനായ അമിതാഭ് ചാറ്റർജിയുടെയും അധ്യാപികയായ സ്വാതിയുടെയും മകളാണു മോദ്രിത.