ഡോ. കഫീൽഖാൻ വീണ്ടും അറസ്റ്റിൽ

ഡോ. കഫീൽഖാൻ

ഗോരഖ്പുർ ∙ കഴിഞ്ഞ വർഷം ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ടശിശുമരണത്തിന്റെ പേരിൽ യുപി സർക്കാർ ജയിലിലടച്ച ഡോ. കഫീൽഖാനെ മറ്റൊരു കേസിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഉടൻ വീണ്ടും അറസ്റ്റ് ചെയ്തു. 9 വർഷം മുൻപ് മറ്റൊരാളുടെ തിരിച്ചറിയൽ കാർഡും ഫോട്ടോയും ഉപയോഗിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങി 82 ലക്ഷം രൂപ കൈമാറ്റം ചെയ്തുവെന്ന കേസിലാണു കഫീൽഖാനെയും സഹോദരൻ അദീലിനെയും പിടികൂടിയത്.

മണിപ്പാലിൽ വിദ്യാർഥിയായിരുന്ന കാലത്താണു കഫീൽഖാൻ ബാങ്കിനെ കബളിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. മുസാഫർ ആലമാണു പരാതി നൽകിയത്. സർക്കാർ ആശുപത്രിയിൽ ചെന്നു ഡോക്ടർമാരുമായി തർക്കിക്കുകയും ചികിൽസയ്ക്കു തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ നടപടി.