ഐഎസ്ഐക്ക് വിവരം ചോർത്തിയെന്ന്; ഡിആർഡിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നിഷാന്ത് അഗർവാൾ

മുംബൈ∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കു വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ ബ്രഹ്മോസ് മിസൈൽ യൂണിറ്റിലെ എൻജീനിയർ അറസ്റ്റിൽ. നാഗ്പുരിനടുത്ത് വാർധ റോഡിലെ ബ്രഹ്മോസ് പ്ലാന്റിലെ സിസ്റ്റം എൻജിനീയർ നിഷാന്ത് അഗർവാൾ ആണ് പിടിയിലായത്. ഉത്താരാഖണ്ഡ് റൂർക്കി സ്വദേശിയാണ്. 

മഹാരാഷ്ട്ര-ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനകൾ ചേർന്നാണ് അന്വേഷണം നടത്തിയത്. ഇയാളുടെ കംപ്യൂട്ടറിൽനിന്നും മെസഞ്ചർ ചാറ്റുകളിൽനിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് യുപി എടിഎസ് ഐജി അസിം അരുൺ അറിയിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) നാലു വർഷമായി ജോലി ചെയ്യുന്ന നിഷാന്ത് മിസൈൽ സാങ്കേതികവിദ്യ സംബന്ധിച്ച വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയതായാണ് അന്വേഷണ സംഘം നൽകുന്ന വിവരം. യുഎസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. ഐസ്ഐക്കു വിവരങ്ങൾ കൈമാറുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നേരത്തെ മധ്യപ്രദേശിൽനിന്ന് പിടിയിലായ ആളിൽ നിന്നു ലഭിച്ച വിവരമാണ് അറസ്റ്റിലേക്കു നയിച്ചത്.

രണ്ടു മാസം മുൻപായിരുന്നു നിഷാന്തിന്റെ വിവാഹം. ഭാര്യയ്ക്കൊപ്പം വാർധ റോഡിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. ഇന്നലെ രാവിലെ 5.30ന് ഇവിടെയെത്തിയ പൊലീസ് സംഘം 12 മണിക്കൂറോളം തിരച്ചിൽ നടത്തിയെന്ന് വീട്ടുടമ മനോഹർ കാളെ പറഞ്ഞു.