ന്യൂഡൽഹി∙ കോഴക്കേസിൽ സ്വന്തം സ്പെഷൽ ഡയറക്ടറെ പ്രതിചേർത്ത് സിബിഐ. വിവാദ മാംസവ്യാപാരി മൊയിൻ അഖ്തർ ഖുറേഷിയിൽനിന്നു 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് രാകേഷ് അസ്താനയെ സിബിഐ പ്രതിചേർത്തത്. ചാരസംഘടനയായ ‘റോ’യിലെ രണ്ടാമൻ സാമന്ത് കുമാർ ഗോയലും കേസിൽ പ്രതിയാണ്.
അസ്താനയും ഖുറേഷിയുമായുള്ള ഇടപാടിനു കൂട്ടുനിന്നുവെന്നതാണ് സാമന്തിനെതിരെയുള്ള ആരോപണം. കോഴപ്പണം കൈമാറിയ മനോജ് എന്നയാളെയും സിബിഐ അറസ്റ്റ് ചെയ്തു.
സിബിഐ മേധാവി അലോക് വർമയും രാകേഷ് അസ്താനയുമായുള്ള തമ്മിൽ തല്ലാണ് സംഭവങ്ങൾക്കു പിന്നിലെന്നു കരുതുന്നു.
കോടിക്കണക്കിനു രൂപയുടെ ഹവാല ഇടപാടുകൾ നടത്തിയതിനു കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഖുറേഷി എൻഫോഴ്സ്മെന്റിന്റെ പിടിയിലായത്. സർക്കാരുമായി ബന്ധപ്പെട്ട് അന്യായമായി കാര്യങ്ങൾ നടത്തിയതിനു പലരിൽനിന്നും വൻതുക വാങ്ങിയെന്നായിരുന്നു കേസ്. ക്രിമിനൽ കേസ് പ്രതികൾ, മറ്റു കേസുകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നവർ തുടങ്ങിയവർക്കു ഖുറേഷി സഹായം ചെയ്തതായും കണ്ടെത്തി. ഇതിനു വേണ്ട സൗകര്യം ചെയ്തു നൽകിയവരുടെ പട്ടികയിൽ അസ്താനയുമുണ്ടെന്നാണ് ആരോപണം.
ലാലു പ്രസാദ് യാദവ് ഉൾപ്പെട്ട റെയിൽവേ ഹോട്ടൽ കുംഭകോണം, പി. ചിദംബരത്തിനും മകനുമെതിരായ കേസ്, അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാട് തുടങ്ങി പ്രധാന കേസുകൾ ഏറെനാളായി സിബിഐയിൽ കൈകാര്യം ചെയ്തിരുന്നത് ഭരണനേതൃത്വവുമായി ഏറെ അടുപ്പമുള്ള അസ്താനയായിരുന്നു.
അസ്താനയ്ക്കെതിരെ 6 കേസുകളിൽ അന്വേഷണം നടക്കുന്നതായി സിബിഐ പ്രഖ്യാപിച്ചത് ഏറെ ചർച്ചയായിരുന്നു.