ചെന്നൈ∙ മതനിരപേക്ഷ കോടതികൾ മതപരമായ ആചാരങ്ങളിൽ ഇടപെടുന്നതു നിർത്തേണ്ട കാലം അതിക്രമിച്ചെന്നു മദ്രാസ് ഹൈക്കോടതി. ചെന്നൈ ശ്രീരംഗം മഠത്തിലെ പുതിയ മഠാധിപതി നിയമനം സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. മൈലാപൂർ ശ്രീരംഗം ശ്രീമദ് ആണ്ടവൻ ആശ്രമത്തിന്റെ മഠാധിപതിയായി യമുനാചാര്യരെ നിയമിച്ചത് മഠത്തിന്റെ ആചാരങ്ങൾക്കു വിരുദ്ധമാണെന്നു കാണിച്ചാണ് എസ്.വെങ്കട്ട വരദൻ എന്നയാൾ കോടതിയെ സമീപിച്ചത്.
ശ്രീരംഗം പെരിയ ആശ്രമത്തിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ആശ്രമ സ്വീകരണ പട്ടാഭിഷേക ഉൽസവം സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ലക്ഷക്കണക്കിനു ഭക്തർ ചടങ്ങിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഒറ്റ വിശ്വാസിയുടെ ഹർജി പരിഗണിച്ച് അതു സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.