ചെന്നൈ∙ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതിയായ ഐടി ഉദ്യോഗസ്ഥൻ ദഷ്‌വന്തി(23)നു ചെങ്കൽപേട്ട് മഹിളാ കോടതി വിധിച്ച വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. കീഴ്ക്കോടതി വിധിക്കെതിരെ ദഷ്‌വന്ത് സമർപ്പിച്ച അപ്പീൽ തള്ളിയാണു ജസ്റ്റിസ്മാരായ എസ്.വിമല, രാമതിലകം എന്നിവർ വധശിക്ഷ ശരിവച്ചത്. സ്വന്തം അമ്മയെ കൊന്ന കേസിലെ പ്രതിയാണു ദഷ്‌വന്ത്. നിർഭയ കേസിനോട് ഉപമിച്ചാണു കീഴ്ക്കോടതി ജഡ്ജി പി.വേൽമുരുഗൻ ഈ വർഷം ഫെബ്രുവരി 19നു ദഷ്‌വന്തിനെ തൂക്കിലേറ്റാൻ വിധിച്ചത്. നിർഭയ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ച് ഒരു ദിവസത്തിനുശേഷമാണ് ദഷ്‌വന്തിന്റെ വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി ആറിന്, മുഗളിവാക്കത്തെ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന ഏഴ് വയസ്സുകാരിയെ പട്ടിക്കുട്ടിയെ നൽകാമെന്നു പറഞ്ഞു ദഷ്‌വന്ത് സ്വന്തം ഫ്ലാറ്റിലേക്കു ക്ഷണിച്ചു. ഫ്ലാറ്റിലെത്തിയ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നശേഷം മൃതദേഹം ഒരു ട്രാവൽ ബാഗിലാക്കി സമീപത്തുള്ള ഹൈവേയിൽ ഇട്ട് പെട്രോൾ ഒഴിച്ചു കത്തിച്ചു. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസിനു ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു ട്രാവൽ ബാഗുമായി രാത്രി ദഷ്‌വന്ത് പുറത്തുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത പൊലീസിനോടു ദഷ്‌വന്ത് കുറ്റം സമ്മതിച്ചു.
ഗുണ്ടാ ആക്ട് ഉൾപ്പെടെ ചുമത്തി ഇയാളെ പുഴൽ ജയിലിൽ അടച്ചു. മൂന്നു മാസത്തിനുള്ളിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതിരുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നു കാട്ടി ദഷ്‌വന്തിന്റെ പിതാവ് കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 12നു ദഷ്‌വന്ത് ജാമ്യത്തിലിറങ്ങി. ജാമ്യത്തിലിറങ്ങിയ ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലാണു കേസിലെ വിചാരണ ചെങ്കൽപേട്ട് മഹിളാ കോടതിയിൽ ആരംഭിച്ചത്. വിദേശത്തു പോകേണ്ടതിനാൽ വിചാരണ നീട്ടിവയ്ക്കണമെന്നു ദഷ്‌വന്തിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ ആരംഭിച്ചപ്പോൾത്തന്നെ കുട്ടിയെ താനാണു കൊലപ്പെടുത്തിയതെന്നും, വിചാരണയുടെ ആവശ്യമില്ലെന്നും കാട്ടി ദഷ്‌വന്ത് കോടതിക്കു കത്തു നൽകി. കോടതി നടപടികൾ ഒഴിവാക്കാനുള്ള പ്രതിയുടെ ശ്രമത്തിനെതിരെ ജഡ്ജി രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയിരുന്നു.
അമ്മയെ കൊലപ്പെടുത്തിയ കേസിലും പ്രതി
ദഷ്‌വന്തിന്റെ അമ്മ സരളയെ കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനു വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തിയശേഷം ദഷ്‌വന്ത് സ്വർണവും പണവുമായി മുംബൈയിലേക്കു കടന്നതായാണു പൊലീസ് കേസ്. മുംബൈയിലെ ചെമ്പൂരിൽ കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തുനിന്നു പ്രത്യേക പൊലീസ് സംഘം ഇയാളെ പിടികൂടി. ചെന്നൈയിലേക്കു വരുന്നതിനു വിമാനത്താവളത്തിൽ എത്തിയപ്പോൾ ശുചിമുറിയിലേക്കെന്നു പറഞ്ഞു പോയ ദഷ്‌വന്ത് പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞു. പിന്നീട് മുംബൈ പൊലീസിന്റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പുഴൽ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെട്ട രണ്ടു കുറ്റവാളികളുടെ സഹായത്തോടെയാണു സ്വർണം വിറ്റതെന്നു ദഷ്‌വന്ത് പിന്നീടു പൊലീസിനോടു പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തന്നെ വീട്ടുകാർ സ്ഥിരമായി ഒറ്റപ്പെടുത്തിയിരുന്നെന്നും ഇതിലുള്ള പകമൂലമാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും ദഷ്‌വന്ത് പൊലീസിനോടു സമ്മതിച്ചു. പിതാവിനെ കൂടി കൊലപ്പെടുത്താനാണു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. സരള കൊല്ലപ്പെട്ട കേസിൽ വിചാരണ പുരോഗമിക്കുകയാണ്.