ചെന്നൈ/തെൻമല∙ അണ്ണാഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ മദ്രാസ് ഹൈക്കോടതി വിധി ഉടനെയുണ്ടാകുമെന്ന സൂചനകൾക്കിടെ ദിനകരപക്ഷ എംഎൽഎമാർ തെങ്കാശിക്കു സമീപം കുറ്റാലത്തെ റിസോർട്ടിൽ തുടരുന്നു. ദിനകരനൊപ്പമുള്ള 23 എംഎൽഎമാരിൽ 18 പേർ കുറ്റാലത്തുണ്ടെന്നാണു വിവരം.
ദിനകരനും ബാക്കിയുള്ളവരും ഇന്ന് എത്തിയേക്കും. കോടതി വിധിവരെ എംഎൽഎമാരെ ഒരുമിച്ചു പാർപ്പിക്കാനാണ് വി.കെ.ശശികലയുടെ നിർദേശമെന്നു പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, വിധി സാധ്യതകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുടെ അധ്യക്ഷതയിൽ അണ്ണാഡിഎംകെ ഉന്നതതല യോഗം ചെന്നൈയിൽ ചേർന്നു. തിങ്കളാഴ്ച രാത്രിയാണ് എംഎൽഎമാർ കുറ്റാലത്തെത്തിയത്.
ദിനകരൻ ബെംഗളൂരു ജയിലിൽ വി.കെ.ശശികലയെ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് എംഎൽഎമാർക്കു കുറ്റാലത്തേക്കു പുറപ്പെടാനുള്ള നിർദേശം ലഭിച്ചത്. അയോഗ്യരാക്കപ്പെട്ട 18 പേർക്കു പുറമെ എ.പ്രഭു, ഇ.രത്നസഭാപതി, കലൈശെൽവൻ എന്നിവരും ദിനകരനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പ്രഭു ഇപ്പോൾ കുറ്റാലത്തുണ്ട്. മുൻ മന്ത്രിയും അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ നേതാവുമായ ഇസക്കി സുബ്ബയ്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണു താമസം.
സുരക്ഷയ്ക്കായി ദിനകരൻ 50 അംഗരക്ഷകരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപേ മറ്റു താമസക്കാരെ ഒഴിപ്പിച്ചിരുന്നു. എംഎൽഎമാർക്ക് പൊലീസ് കാവലില്ലെങ്കിലും പൊലീസ് സംഘം മേഖലയിൽ പട്രോളിങ് നടത്തുന്നുണ്ട്.
അണ്ണാഡിഎംകെ നേതാക്കളുടെ സ്ഥിരം താവളമാണ് ഈ റിസോർട്ട്. ഇവിടെ മന്ത്രിമാർക്കും പാർട്ടി സെക്രട്ടറിമാരുമെല്ലാം പതിവായി തങ്ങുന്ന കോട്ടേജുകളുണ്ട്. ഇന്നലെ, താമരഭരണി പുഷ്കരാഘോഷത്തിൽ പങ്കെടുക്കാൻ എംഎൽഎമാരിൽ ചിലർ അംബാസമുദ്രം പാപനാശത്തേക്കു പോയിരുന്നു.