Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരപക്ഷം പുറത്തുതന്നെ; എടപ്പാടി സർക്കാർ വീഴില്ല

TTV Dinakaran and Edappadi Palanisamy ദിനകരപക്ഷ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ചുള്ള കോടതി ഉത്തരവു വന്ന ശേഷം റോയപ്പേട്ടയിലെ അണ്ണാഡിഎംകെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരെ കാണാനെത്തുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മന്ത്രി ഡി. ജയകുമാർ, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവർ.

ചെന്നൈ ∙ തമിഴ്നാട്ടിലെ അണ്ണാഡിഎംകെ സർക്കാരിന്റെ ആയുസ്സു നീട്ടി നൽകി, ദിനകരപക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. സ്പീക്കറുടെ വിവേചനാധികാരത്തിൽ ഇടപെടാനാവില്ലെന്ന നിരീക്ഷണത്തോടെയാണു ജസ്റ്റിസ് എം.സത്യനാരായണന്റെ വിധി. മറിച്ചായിരുന്നെങ്കിൽ എടപ്പാടി കെ.പളനി സാമി സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുമായിരുന്നു. അയോഗ്യരാക്കിയവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നതിനും നിയമസഭയിൽ വിശ്വാസ-അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുമുള്ള താൽക്കാലിക സ്റ്റേയും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരാക്കിയ എംഎൽഎമാർക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു വിലക്കില്ല. 

വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യം എംഎൽഎമാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നു ടി.ടി.വി.ദിനകരൻ പറഞ്ഞു. തെങ്കാശിക്കു സമീപത്തെ റിസോർട്ടിൽ പാർപ്പിച്ചിട്ടുള്ള എംഎൽഎമാരെ കാണാൻ ദിനകരൻ ഇന്നെത്തും. നേരത്തെ ഒഴിവുള്ള രണ്ടെണ്ണമുൾപ്പടെ 20 മണ്ഡലങ്ങളിൽ ഉടൻ ഉപതിരഞ്ഞെടുപ്പു നടത്തണമെന്നു ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു. 

എടപ്പാടി കെ.പളനി സാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 19ന് ദിനകരപക്ഷ എംഎൽഎമാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഒരാൾ മാപ്പു പറഞ്ഞ് ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങുകയും ബാക്കി 18 പേർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ നടപടിയെടുക്കുകയും ചെയ്തു. എംഎൽഎമാരുടെ ഹർജി ആദ്യം പരിഗണിച്ച ഡിവിഷൻ ബെഞ്ച് വിരുദ്ധ വിധികൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് മൂന്നാം ജഡ്ജിയായി ജസ്റ്റിസ് എം.സത്യനാരായണയെ സുപ്രീംകോടതി നിയമിച്ചത്. 

234 അംഗ നിയമസഭയിൽ നിലവിൽ 214 പേരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഇപ്പോൾ വേണ്ടത് 108 പേരുടെ പിന്തുണ. അണ്ണാഡിഎംകെയ്ക്ക് സ്പീക്കർ ഉൾപ്പെടെ 110 പേരുടെ പിന്തുണയുണ്ട്.