ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഐക്യപ്രതിപക്ഷനിര രൂപീകരിക്കാനുള്ള ദൗത്യമേറ്റെടുത്തു ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു ഡൽഹിയിൽ. മായാവതി (ബിഎസ്പി), അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ) എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, മോദിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. കിങ് ആകാനില്ല, പക്ഷേ, കിങ്മേക്കർ ആകാൻ ഒരുക്കമാണെന്ന സന്ദേശവുമായാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്.
മോദിയെ താഴെയിറക്കാൻ ഇനിയും ഡൽഹിക്കു വരുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയ്ക്കു പ്രത്യേക പദവി എന്ന ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയാറായാൽ, കോൺഗ്രസിനെ മുൻനിർത്തിയുള്ള സർക്കാരിനെ അദ്ദേഹം എതിർക്കില്ല. മറ്റു പ്രതിപക്ഷ കക്ഷികളെ കോൺഗ്രസിനൊപ്പം അണിനിരത്തുന്നതിൽ മുൻകയ്യെടുക്കുകയും ചെയ്യും. കോൺഗ്രസിനെ കൂടാതെ കേന്ദ്രഭരണം അസാധ്യമാണെന്നു ബിഎസ്പി ഉൾപ്പെടെയുള്ള കക്ഷികളെ അദ്ദേഹം ഓർമിപ്പിച്ചു. മൂന്നാം മുന്നണിയുടെ സാധ്യതകൾ പരിശോധിക്കുമ്പോഴും കോൺഗ്രസ് ഒപ്പം വേണമെന്നാണു നായിഡുവിന്റെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പിനു മുൻപ് പരസ്യമായ പ്രതിപക്ഷ ഐക്യം എളുപ്പമല്ലെങ്കിലും ചില ധാരണകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒരു തവണ കൂടി മോദി അധികാരത്തിലെത്തിയാൽ തങ്ങളുടെ നിലനിൽപ് അവതാളത്തിലാകുമെന്ന സന്ദേശമാണു പ്രാദേശിക കക്ഷികളുമായുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വാദം. പ്രധാനമന്ത്രി പദവിയിലേക്കു രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നതിൽ വിമുഖത കാട്ടുന്ന ബിഎസ്പി മേധാവി മായാവതി, തൃണമൂൽ മേധാവി മമത ബാനർജി എന്നിവരെ അനുനയിപ്പിക്കാൻ താൻ മുൻകൈയെടുക്കേണ്ടതുണ്ടെന്ന തിരിച്ചറിവിൽ നായിഡു നയം വ്യക്തമാക്കുന്നു – ‘എന്റെ കടമ ഞാൻ നിർവഹിക്കും. ഇനിയും ഡൽഹിക്കു വരും’.