ശ്രീനഗർ ∙ നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെ ഇന്ത്യയുടെ മിന്നലാക്രമണം. 2016 ലെ മിന്നലാക്രമണത്തെ ഓർമിപ്പിക്കും വിധം ഇന്നലെ പുലർച്ചെ നടത്തിയ ആക്രമണത്തിൽ 3 ഭീകരക്യാംപുകളും തകർത്തതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ സൈനിക നടപടി.
പാക്ക് അധിനിവേശ കശ്മീരിൽ നിയന്ത്രണ രേഖയിൽനിന്ന് 18–20 കിലോമീറ്റർ ദൂരെയാണ് ഹജിറ സൈനിക കേന്ദ്രം. പീരങ്കികൾ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാൻ പാക്ക് സൈന്യത്തിനു സാവകാശം ലഭിച്ചില്ല.
മേഖലയിൽനിന്ന് വെടിയൊച്ച കേട്ടതായും പുക ഉയരുന്നതു കണ്ടതായും അതിർത്തിയിലെ ഗ്രാമവാസികൾ പറഞ്ഞു. ഇതിന്റെ വിഡിയോ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു.
രജൗറിയിൽ ഭീകര സംഘവുമായുള്ള ഏറ്റുമുട്ടലിൽ 3 സൈനികർ വീരമൃത്യു വരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ജമ്മുവിലെ രാംഗഡ് മേഖലയിൽ സെപ്റ്റംബർ 18ന് പാക്ക് സേന ഇന്ത്യൻ ഭടൻ നരേന്ദർ സിങ്ങിനെ കഴുത്തറുത്തു കൊന്നിരുന്നു.
അതിർത്തിയിൽ ഈ വർഷം പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച 1591 സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യമിട്ട് ഭീകരരുടെ വൻസംഘം അതിർത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരം ഈയിടെ ലഭിച്ചിരുന്നു.
5 ജവാൻമാർക്ക് പരുക്ക്; 2 പാക്ക് സ്വദേശികൾ പിടിയിൽ
ശ്രീനഗർ ∙ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ 5 ബിഎസ്എഫ് ജവാൻമാർക്കു പരുക്കേറ്റു. പാന്താ ചൗക്കിൽ ഇന്നലെ വൈകിട്ട് 6.15ന് ആണ് പട്രോളിങ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ചികിൽസയിൽ കഴിയുന്ന ജവാൻമാരിൽ ഒരാളുടെ നില ഗുരുതരമാണ്.
പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തി ഔട്പോസ്റ്റിനു സമീപത്തുനിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച പാക്ക് സൈനികരെന്നു സംശയിക്കുന്ന 2 പേർ ഞായറാഴ്ച പിടിയിലായി.
ഇവരുടെ കൈയിൽനിന്ന് പണവും മൊബൈൽ ഫോണും സൈനിക തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തു.
ആദ്യ മിന്നലാക്രമണം 2016 സെപ്റ്റംബറിൽ
ഉറിയിലെ ഭീകരാക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായിട്ടായിരുന്നു 2016 സെപ്റ്റംബറിൽ അതിർത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം. ഭീകരരുടെ 7 താവളങ്ങൾക്കു നേരെയാണ് അന്ന് ആക്രമണം നടത്തിയത്.