Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർബിഐ: വെടിപൊട്ടിച്ചത് ഡപ്യൂട്ടി ഗവർണർ; ബോർഡ് യോഗം നിർണായകം

RBI-cartoon

ന്യൂഡൽഹി ∙ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ കഴിഞ്ഞ 26നു നടത്തിയ പ്രഭാഷണമാണ് ആർബിഐയിൽ കേന്ദ്ര സർക്കാർ സർക്കാർ നടത്തുന്ന ഇടപെടലുകൾ പുറത്താക്കിയത്. റെഗുലേറ്ററി സ്ഥാപനങ്ങളുടെ സ്വാത്രന്ത്യമെന്ന വിഷയം സംസാരിക്കാൻ ഉപദേശിച്ചത് ഉർജിത് പട്ടേലാണെന്നും വിരാൽ ആചാര്യ വ്യക്തമാക്കിയിരുന്നു. 

നയരൂപീകരണം, ദുർബല ബാങ്കുകൾക്കു മൂലധനം അനുവദിക്കൽ, ആർബിഐയുടെ കരുതൽ ധനത്തിന്റെ വിഹിതം കേന്ദ്രത്തിനു കൈമാറൽ, വ്യക്തമായ രാഷ്ട്രീയ താൽപര്യമുള്ളവരെ ബോർഡിൽ നിയമിക്കൽ തുടങ്ങി പല പ്രശ്നങ്ങളും വിരാൽ ആചാര്യ ഉന്നയിച്ചു. 

സ്വദേശി ജാഗരൺ മഞ്ച് നേതാവ് എസ്.ഗുരുമൂർത്തിയെയും എബിവിപി പശ്ചാത്തലമുള്ള സതീഷ് മറാത്തെയെയും ബാങ്കിന്റെ ബോർഡിൽ ഉൾപ്പെടുത്തിയതു നേരത്തേയും വിമർശിക്കപ്പെട്ടിരുന്നു. വിരാൽ ആചാര്യയുടെ വിമർശനങ്ങളോടു ധനമന്ത്രി അരുൺ ജയ്റ്റ്ലി പരസ്യമായി പ്രതികരിച്ചതോടെ പോര് രൂക്ഷമായി. പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കപ്പെടുമെങ്കിലും 19ന്റെ ബോർഡ് യോഗത്തിൽ നിലവിലെ പ്രശ്നങ്ങൾ ചർച്ചയാകുമെന്നാണു സൂചന. അതിനു മുൻപ്, ഈ മാസം 12നു ധനമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതി മുൻപാകെ ഉർജിത് പട്ടേൽ ഹാജരാവുന്നുണ്ട്.

നോട്ട് നിരോധനമാണു സമിതിയുടെ ചർച്ചയിലുള്ള വിഷയമെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങളും ഉന്നയിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. 

സ്വയംഭരണാധികാരം  മാനിക്കുന്നു:  ധനമന്ത്രാലയം

റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ കേന്ദ്ര സർക്കാർ പരിപോഷിപ്പിക്കുകയും മാനിക്കുകയും ചെയ്തിട്ടുണ്ടെന്നു ധനമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പൊതു താൽപര്യവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളുമാണു സർക്കാരിനെയും കേന്ദ്ര ബാങ്കിനെയും നയിക്കേണ്ടത്. അതിന് ഒട്ടേറെ വിഷയങ്ങളിൽ സർക്കാരും ബാങ്കുമായി വിശദമായ കൂടിയാലോചനകൾ നടക്കാറുണ്ട്. കൂടിയാലോചന വിഷയങ്ങൾ സർക്കാർ പരസ്യപ്പെടുത്താറില്ല. അന്തിമ തീരുമാനങ്ങളാണു പരസ്യപ്പെടുത്താറുള്ളത്. ഇതു തുടരും – ധനമന്ത്രാലയം വ്യക്തമാക്കി.