മഷിയടയാളം കണ്ടാൽ വിരൽ മുറിക്കും! ചെറിയ ധൈര്യം പോരാ, ഈ നാട്ടിൽ വോട്ട് ചെയ്യാൻ

തിരഞ്ഞെടുപ്പിനെതിരെ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ദന്തേവാഡയിൽ സൈന്യം ഇറങ്ങിയപ്പോൾ. വോട്ടു ചെയ്യുന്നവർക്കു ശിക്ഷ നടപ്പാക്കുമെന്നാണ് നക്സലുകളുടെ ‘ജനതാ സർക്കാരി’ന്റെ മുന്നറിയിപ്പ്.

മാവോയിസ്റ്റുകൾ കൊടികുത്തിവാഴുന്ന ബസ്തർ മേഖലയിൽപ്പെട്ട ബിജാപുർ, സുക്മ ജില്ലകളിലെ കലക്ടർമാർ അപൂർവമായ ഒരു അഭ്യർഥന തിരഞ്ഞെടുപ്പു കമ്മിഷനു മുൻപാകെ വച്ചിരിക്കുകയാണ്. വോട്ട് ചെയ്തവരുടെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതു വേണ്ടെന്നുവയ്ക്കണം. കാരണം മഷി അടയാളം നോക്കി വിരൽ ഛേദിക്കുമെന്ന് മാവോയിസ്റ്റുകൾ ഭീഷണിമുഴക്കിയിരിക്കുന്നു.

മാവോയിസ്റ്റ് നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ ചുവപ്പൻ ഇടനാഴിയിലൂടെ സഞ്ചരിക്കുമ്പോൾ, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലുള്ളവർക്ക് അവിശ്വസനീയമെന്നു തോന്നുന്ന ചിത്രങ്ങളാണെങ്ങും. ദന്തേവാഡയിൽ നിന്ന് ഉൾഗ്രാമങ്ങളിലേക്കുള്ള പാതയിൽ ഒരിടത്തും തിരഞ്ഞെടുപ്പു പോസ്റ്ററുകളോ ബാനറുകളോ ഇല്ല. ഇതുവരെ ഒരു സ്ഥാനാർഥിപോലും വോട്ടുചോദിച്ച് എത്താത്ത ഗ്രാമങ്ങൾ. റോഡരികിലെ പാറപ്പുറത്ത് തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടുള്ള മാവോയിസ്റ്റുകളുടെ കൽപന രേഖപ്പെടുത്തിയിരിക്കുന്നു. വോട്ടുചെയ്യുന്നവർക്കുള്ള ശിക്ഷ ‘ജനതാ സർക്കാർ’ നടപ്പാക്കുമെന്നാണു മുന്നറിയിപ്പ്. ജനതാ സർക്കാർ എന്നാൽ നക്സലുകളുടെ സമാന്തരഭരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദന്തേവാഡ, ബിജാപുർ, സുക്മ ജില്ലകളിൽ 53 ബൂത്തുകളിൽ ഒരാൾപോലും വോട്ട് ചെയ്തില്ല.

ചെലവേറിയ തിരഞ്ഞെടുപ്പ് 

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇനി ദിവസങ്ങൾ മാത്രം. ബസ്തർ മേഖല ഉൾപ്പെടെ 18 മണ്ഡലങ്ങളിൽ ഈ മാസം 12 ന് നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യത്തെ ഏറ്റവും കഠിനവും പണച്ചെലവേറിയതുമാവും. വോട്ടിങ് സാമഗ്രികൾ കൊണ്ടുപോകുന്നതിനും ഉദ്യോഗസ്ഥരെ എത്തിക്കാനും 17 ഹെലിക്കോപ്റ്ററുകൾ. ബസ്തർ മേഖലയ്ക്കു മാത്രമായി 1000 സാറ്റലൈറ്റ് ട്രാക്കറുകൾ, 50 ൽ അധികം ഡ്രോണുകൾ, 500 ൽ അധികം കമ്പനി കേന്ദ്രസേന. 

നക്സൽ ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളെ ബൂത്തിലെത്തിക്കുക എന്നതും ഭഗീരഥയജ്ഞമാണ്. ദന്തേവാഡയ്ക്കു മാത്രമായി 25 ഡ്രോണുകൾ എത്തിച്ചുകഴിഞ്ഞു. സുരക്ഷാസേന താമസിക്കുന്ന ക്യാംപുകൾക്കു സമീപം സദാസമയം ഡ്രോണുകൾ പറക്കുന്നു. ക്യാംപുകൾക്കുനേരേ ആക്രമണമുണ്ടായേക്കാമെന്ന ഭയം സൈനികർക്കുമുണ്ട്. പാനിക് ബട്ടണുള്ള ട്രാക്കറുകൾ ജില്ലാ ആസ്ഥാനത്തു നിരീക്ഷിക്കാൻ സംവിധാനമുണ്ടെന്ന് ബസ്തർ റേഞ്ച് ഐജി വിവേകാനന്ദ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8 സ്ഫോടനങ്ങളാണ് നക്സലുകൾ നടത്തിയത്. ഉദ്യോഗസ്ഥർക്കും സൈനികർക്കുമെതിരെ വെടിയുതിർത്ത 20 സംഭവങ്ങളുണ്ടായി. നക്സലുകളെ ഭയന്നു പോളിങ് ബൂത്തുകൾ ദൂരെദിക്കുകളിലേക്കു മാറ്റുന്നതു പതിവാണ്. ഇത്തവണ 187 ബൂത്തുകൾ ഇങ്ങനെ മാറ്റാനാണുപദ്ധതി. 

കഴിഞ്ഞ ആഴ്ച ദന്തേവാഡയിൽ ദൂരദർശൻ ടീമിനു നേരെയുണ്ടായ വെടിവയ്പിൽ ക്യാമറാമാനും 3 ജവാന്മാരുമാണു കൊല്ലപ്പെട്ടത്. ഇതിനും മൂന്നുനാൾ മുൻപ് 4 സിആർപിഎഫ് ജവാന്മാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.