റായ്‌പുർ ∙ നിരക്ഷരത വിലങ്ങുതടിയാകാതെ മന്ത്രിക്കസേരയിലേക്ക് കവാസി ലഖ്മ. ഛത്തീസ്‌ഗഡിൽ സത്യപ്രതിജ്ഞാ വേളയിൽ, ഗവർണർ ആനന്ദിബെൻ പട്ടേൽ തന്നെയാണു ലഖ്മയ്ക്കു വേണ്ടി സത്യപ്രതിജ്ഞാവാക്യം വായിച്ചത്.
‘ഞാൻ പാവപ്പെട്ട കുടുംബത്തിലാണു ജനിച്ചത്. സ്കൂളിൽ പോയിട്ടില്ല. പക്ഷേ, രാജ്യത്തെ ഏറ്റവും വലിയ കക്ഷി എനിക്കു മൽസരിക്കാൻ സീറ്റ് തന്നു. ബിസിനസുകാരും പാവങ്ങളും യുവാക്കളുമടക്കം ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരും എന്നെ സ്നേഹിക്കുന്നുണ്ട്. ഞാൻ പാവങ്ങൾക്കുവേണ്ടി പ്രവർത്തിക്കും’ – സത്യപ്രതിജ്ഞയ്ക്കു ശേഷം ലഖ്മ പറഞ്ഞു.
20 വർഷം എംഎൽഎയായ തനിക്കു എഴുത്തും വായനയും അറിയില്ലെങ്കിലും നല്ല ബുദ്ധിശക്തിയുണ്ട്. അതിനാൽ മന്ത്രിയുടെ ജോലികൾ ചെയ്യാനും പ്രയാസമുണ്ടാവില്ല. ഛത്തീസ്‌ഗഡിലെ ദർഭ താഴ്‌വരയിൽ 2013 ൽ മാവോയിസ്റ്റുകൾ നടത്തിയ കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ട അപൂർവം കോൺഗ്രസ് നേതാക്കളിലൊരാളാണു ലഖ്‌മ.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചൊവ്വാഴ്ച നടത്തിയ ആദ്യ മന്ത്രിസഭാ വികസനത്തിൽ 9 പേർക്കു കൂടി ഇടം ലഭിച്ചു. ഇതോടെ മന്ത്രസഭാംഗങ്ങളുടെ എണ്ണം 12 ആയി. ഒരു വനിതാ മന്ത്രിയുമുണ്ട്. 4 വർഷം എംഎൽഎയായ മുഹമ്മദ് അക്ബറാണ് ഏക മുസ്‌ലിം മന്ത്രി. ഏറ്റവും പ്രായം കുറഞ്ഞ അംഗം ഉമേഷ് പട്ടേൽ; 34 വയസ്സ്. ബസ്തറിൽ 2013 ൽ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയ കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ നന്ദ്കുമാർ പട്ടേലിന്റെ മകൻ. ഏറ്റവും മുതിർന്ന അംഗം താമ്രധ്വജ് സാഹു(69)വാണ്.