Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽനിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി; യുഎസ് ഉപരോധം ഒഴിവാക്കി

IRAN-ECONOMY

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഊർജ സുരക്ഷയും മറ്റു താൽപര്യങ്ങളും കണക്കിലെടുത്താണ് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിയെ ഉപരോധത്തിൽനിന്ന് ഒഴിവാക്കാൻ യുഎസ് തീരുമാനിച്ചതെന്നും ഈ നടപടിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം.  അഫ്ഗാനിസ്ഥാന്റെ സാധ്യത കണക്കിലെടുത്താണു ചാബഹാർ തുറമുഖ പദ്ധതിക്കും അനുബന്ധ റെയിൽപാത പദ്ധതിക്കും യുഎസ് ഇളവനുവദിച്ചതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. യുഎസിന്റെ ഇറാൻ ഉപരോധം കഴിഞ്ഞ 4നു പ്രാബല്യത്തിലായെങ്കിലും 5 ദിവസത്തിനുശേഷമാണു ഇന്ത്യയുടെ പ്രതികരണം.

ഇറാനിൽനിന്ന് ഇന്ത്യ വലിയ തോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്നു. ഇത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് ആവശ്യമാണ്. ഇന്ത്യയുടെ നിലപാട് കണക്കിലെടുക്കാൻ യുഎസ് തയാറായി, ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട് – വക്താവ് പറഞ്ഞു. എന്നാൽ, ഇറാനിൽനിന്ന് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന എണ്ണയുടെ തോതു വ്യക്തമാക്കാൻ തനിക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 35% കുറവുവരുത്തണമെന്ന് യുഎസ് നിർദേശിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ‌

കഴിഞ്ഞ വർഷം 22.6 ദശലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. ഈ വർഷം 25 ദശലക്ഷം ടണ്ണായി വർധിപ്പിക്കാനാണ് ഇന്ത്യ ആലോചിച്ചത്. എന്നാൽ, ഇപ്പോൾ യുഎസുമായുള്ള ധാരണയനുസരിച്ച് ഈ വർഷത്തെ ഇറക്കുമതി 15 ദശലക്ഷം ടണ്ണായി കുറയ്ക്കേണ്ടിവരും.

അഫ്ഗാനിസ്ഥാന്റെ പുനർനിർമാണവും സാമ്പത്തിക വളർച്ചയുമാണ് ചാബഹാറിന് ഇളവു നൽകുന്നതിനു യുഎസ് പറഞ്ഞ പ്രധാന കാരണം. യുഎസ് ഉപരോധം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ‍ഞെരുക്കുമെന്നാണു രാജ്യാന്തര നാണയ നിധിയുടെ വിലയിരുത്തൽ. എന്നാൽ, പ്രതിദിന എണ്ണ വിൽപന 8 ലക്ഷം ബാരലായി കുറഞ്ഞാലും തങ്ങൾക്കു പ്രശ്നമില്ലെന്നാണ് ഇറാന്റെ നിലപാട്. ബാരലിന് 57 ഡോളർ എന്ന നിരക്കിലാണ് തങ്ങളുടെ ബജറ്റെന്നും ഇപ്പോൾ ബാരലിന് 75 ഡോളറിനു മുകളിലാണെന്നും ഇറാൻ വ്യക്തമാക്കി.