റഫാലിനെച്ചൊല്ലി ഡാസോ – കോൺഗ്രസ് പോര്; താൻ നുണ പറയില്ലെന്ന് ഡാസോ സിഇഒ എറിക് ട്രപ്പിയർ

എറിക് ട്രപ്പിയർ

ന്യൂഡൽഹി∙ റഫാൽ ഇടപാട് സംബന്ധിച്ച വിവാദത്തിനു വീര്യം പകർന്ന് യുദ്ധവിമാന നിർമാതാക്കളായ ഡാസോ ഏവിയേഷനും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോര്. നുണയനെന്നു വിളിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ഡാസോ സിഇഒ എറിക് ട്രപ്പിയർ രംഗത്തുവന്നു. കൂട്ടുപ്രതിയുടെ വാദങ്ങൾക്കു വിലയില്ലെന്നും സത്യം പുറത്തുവരുമെന്നും ട്രപ്പിയറെ ലക്ഷ്യമിട്ടു കോൺഗ്രസ് തിരിച്ചടിച്ചു. ഇടപാടിൽ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. താൻ നുണ പറയില്ലെന്ന് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ട്രപ്പിയർ പറഞ്ഞു.

ഇടപാടിനെക്കുറിച്ചു മുൻപു നടത്തിയ പ്രസ്താവനകൾ സത്യമാണ്. ഡാസോ ഏതെങ്കിലും രാഷ്ട്രീയകക്ഷിക്കു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. റിലയൻസിനു പണം നൽകിയിട്ടില്ല. ഡാസോ– റിലയൻസ് സംയുക്ത സംരംഭത്തിലാണു പണം നിക്ഷേപിച്ചത്. 2012ൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്പനിയുമായും ചർച്ച നടന്നിരുന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായുള്ള (എച്ച്എഎൽ) കരാർ യാഥാർഥ്യമാകാത്തതിനെ തുടർന്ന് അനിൽ അംബാനിയുടെ കമ്പനിയെ സ്വന്തം നിലയിലാണു തിരഞ്ഞെടുത്തത്. അതിൽ സർക്കാരിനു പങ്കില്ല. യുപിഎ സർക്കാർ നിശ്ചയിച്ചതിനെക്കാൾ 9 % കുറഞ്ഞ തുകയ്ക്കാണ് എൻഡിഎ സർക്കാർ കരാറൊപ്പിട്ടത്. കോൺഗ്രസുമായി ഡാസോയ്ക്കു ദീർഘനാളത്തെ ബന്ധമുണ്ട്. 1953 ൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കാലം മുതൽ ഇന്ത്യയുമായി ഇടപാടുകൾ നടത്തിയിട്ടുണ്ട്– ട്രപ്പിയർ പറഞ്ഞു.

ആക്രമിച്ച് കോൺഗ്രസ്

പറഞ്ഞു പഠിപ്പിച്ചു നടത്തിയ അഭിമുഖത്തിനും നുണകൾക്കും അഴിമതി മൂടിവയ്ക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. ബിജെപി സർക്കാരും ഡാസോയും ഒത്തുകളിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രപ്പിയറുടെയും നാടകങ്ങൾക്കു സത്യം മറയ്ക്കാനാവില്ല. അഴിമതിയിലെ ഗുണഭോക്താക്കൾക്കും ആരോപണവിധേയർക്കും തീർപ്പുകൽപിക്കാനാവില്ല– സുർജേവാല പറഞ്ഞു.

റഫാൽ തയാർ

ഇന്ത്യയ്ക്കുള്ള ആദ്യ റഫാൽ വിമാനം തയാർ. പരീക്ഷണപ്പറക്കൽ ദൃശ്യങ്ങൾ ഡാസോ പുറത്തുവിട്ടു. മിസൈൽ ഘടിപ്പിക്കാത്ത വിമാനങ്ങളാവും ഇന്ത്യയിലെത്തുക. മിസൈലുകൾ പിന്നീട് പ്രത്യേകം അയയ്ക്കും. ആദ്യ വിമാനം അടുത്ത വർഷമെത്തും. 2022 ൽ 36 എണ്ണവും എത്തും.