Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലോക് വർമ നിലപാട് ആവർത്തിച്ചാൽ പ്രധാനമന്ത്രിയുടെ ഓഫിസും കുടുങ്ങും

Alok-Verma ആലോക് വർമ‌

ന്യൂഡൽഹി ∙ സിബിഐയിലെ വിവാദത്തിൽ, ഡയറക്ടർ ആലോക് വർമ‌ സുപ്രീം കോടതിയിൽ നൽകുന്ന മറുപടി പ്രധാനമന്ത്രിയുടെ ഓഫിസിനെ (പിഎംഒ) പ്രതിക്കൂട്ടിലാക്കിയേക്കും. നേരത്തെ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) അന്വേഷണത്തിൽ പിഎംഒയ്ക്ക് എതിരായ ചില ആരോപണങ്ങൾ ആലോക് വർമ ഉന്നയിച്ചിരുന്നു.ഇതു കോടതിയിലും ആവർത്തിച്ചാൽ പിഎംഒയും സ്പെഷൽ ഡയറ്കടർ രാകേഷ് അസ്‌താനയും സിവിസിയും തമ്മിലുള്ള വഴിവിട്ട ഇടപ‌െടലുകൾ പുറത്താവും. കീഴ്‌വഴക്കം ലംഘിച്ച് ആലോക് വർമ‌യ്ക്കു വിശദീകരണത്തിന് അവസരം നൽകുന്നത് സിവിസി അടക്കം എതിർത്തിരുന്നു. നാളെ ഒന്നു വരെയാണ് ആലോക് വർമയ്ക്കു മറുപടി നൽകാൻ കോടതി അനുവ‌ദിച്ചിരിക്കുന്ന സമയം. പിഎംഒയിലെ ഉന്നതന്റെ അറിവോടെയാണു സിവിസിയും പരാതി നൽകിയ സ്പ‌െഷൽ ഡയറക്ടർ രാകേഷ് അസ്താനയും ഇടപ‌െട്ടതെന്നാണ് ആലോ‌ക് വർമയുടെ നിലപാട്.

അന്വേഷത്തിൽ സിവിസി നൽകിയ ചോദ്യാവലിക്കുള്ള മറുപടിയിലും അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അസ്താന ഉന്നയിച്ച അടിസ്ഥാനരഹിത ആരോപണങ്ങൾക്കായിരുന്നു സിവിസിയുടെ ഊന്നൽ. കോടതി നിർദേശിച്ചതു പോലെ അസ്താന ഓഗസ്റ്റിൽ നൽകിയ കത്തിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം,അതിനു ശേഷം അസ്താനയ്ക്കെതിരെ ഉണ്ടായ നടപടികളെക്കുറിച്ചായിരുന്നു സി‌‌വിസിയുടെ ചോദ്യങ്ങൾ. 39 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കലും ഉണ്ടാവാത്ത പ്രശ്നങ്ങൾ കണ്ടെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തിടുക്കം തുടങ്ങി സിവിസിയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യുന്ന മറുപടിയാകും വർമയ‌ുടേതെന്ന് അ‌ദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പിഎംഒയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ലാലു പ്രസാദ് യാദവിനെതിരായ കേസിലെ വിവരങ്ങൾ നിരന്തരം ശേഖരിച്ചിരുന്നുവെന്ന വെളിപ്പെടു‌ത്തൽ സിവിസിക്കു നൽകിയ മറുപടിയിലും ആലോക് വർമ ഉ‌ന്നയിച്ചിരുന്നു.

ആലോക് വർമയ്ക്കെതിരെ സിവിസി അന്വേഷിച്ചത്:

∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉൾപ്പെട്ട ഐആർസിടിസി കേസ് അടക്കം പ്രമുഖർ ഉൾപ്പെട്ട കേസ് അട്ടിമറിക്കാൻ സിബിഐ ഡയറക്ടർ എന്ന നിലയിൽ ഇടപെടൽ നടത്തിയോ?

∙ വിവാദ മാംസ വ്യാപാരി മൊയിൻ ഖുറേഷിക്കെതിരായ കേസിൽ അസ്താനയുടെ അ‌‌ന്വേഷണത്തിനു തടസ്സം നിന്നോ?

∙ ക്ലീൻ ചിറ്റ് ഇല്ലാത്ത രണ്ടു ഐപിഎസ് ഉദ്യോഗസ്ഥരെ ഡയറക്ടർ പദവി ഉപയോഗിച്ചു വർമ സിബിഐയിൽ നിയോഗിച്ചോ?

∙ എൻഫോഴ്സ്മെന്റിലെ മുൻ ഉദ്യോഗസ്ഥനെതിരായ സിബിഐയുടെ റെയ്ഡ് വിവരം ചോർത്തി നൽകിയോ?

സിബിഐ: ബസിക്കു പിന്നാലെ ഗുപ്തയും സുപ്രീംകോടതിയിൽ

ആൻഡമാനിലേക്കു സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്ത എ.കെ. ബസിയുടെ ഹർജി പരിഗണിക്കുന്നതു മാറ്റിയതിനു പിന്നാലെ, സിബിഐയിൽ ഡിഎസ്പിയായിരുന്ന എ.കെ.ഗുപ്തയും സുപ്രീം കോടതിയിൽ. സിബിഐയിലെ തമ്മിലടിക്കിടെ,മാതൃസ്ഥാപനമായ ഇന്റലിജൻസ് ബ്യൂറോയിലേക്ക് തിരിച്ചയച്ച നടപടിയാണ് ഗുപ്ത ചോദ്യം ചെയ്തത്. സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ കേസ് അന്വേഷിച്ചതിന്റെ പേരിൽ തന്നെ നോ‌‌ട്ടമിട്ടതാണെന്നും പ്രതികാര നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണു ഗുപ്തയുടെ ഹർജി.

എ.കെ.ബസിക്കൊപ്പം അസ്താനയ്ക്കെതിരായ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച ഉദ്യോഗസ്ഥനാണ് എ.കെ.ഗുപ്ത. ഇതിനിടെ, ആൻഡമാനിലേക്കു മാറ്റിയ നടപടി‌ ചോദ്യം ചെയ്ത ബസിയുടെ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതല്ലെന്നു കോടതി അറിയ‌ിച്ചു.എവിടേക്കാണു സ്ഥലംമാറ്റിയതെ‌ന്നു ബസിയുടെ അഭിഭാഷകനോടു ചോദിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി,ആൻഡ‌മാനിലെ പോർട്ട‌് ബ്ലെയർ നല്ല സ്ഥലമാണെന്നും കുറച്ചുദിവസം അവിടെ തുടരൂ എ‌ന്നും പ്ര‌തികരിച്ചു. തുടർന്നാണ് ഹർജി പിന്നീട് പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്.