ജെറ്റിനോട് ഇഷ്ടമുണ്ട്; ഉറപ്പിക്കാറായിട്ടില്ല: ടാറ്റ

മുംബൈ ∙ ജെറ്റ് എയർവേയ്സിനെ സ്വന്തമാക്കാൻ താൽപര്യമുണ്ട്. എന്നാൽ ഇതുവരെ ഉറച്ച നിർദേശങ്ങൾക്ക് രൂപം നൽകിയിട്ടില്ലെന്നു ടാറ്റാ സൺസ്. സിംഗപ്പൂർ എയർലൈൻസുമായി സഹകരിച്ച് ജെറ്റിനെ സ്വന്തമാക്കുമെന്ന് അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ് ടാറ്റയുടെ വിശദീകരണം.

സിംഗപ്പൂർ എയർലൈൻസുമായി ചേർന്നു വിസ്താര, മലേഷ്യൻ കമ്പനിയുമായി സഹകരിച്ച് എയർ ഏഷ്യ എന്നീ സർവീസുകൾ ടാറ്റക്ക് നിലവിലുണ്ട്. ഇന്നലെ ടാറ്റാ സൺസിന്റെ ബോർഡ് യോഗം ചേർന്നിരുന്നു. ജെറ്റിനെ ഏറ്റെടുക്കുന്ന ചർച്ചകൾ പ്രാഥമിക തലത്തിൽ മാത്രമാണ് ഉള്ളത്. ഉറച്ച നിർദേശങ്ങൾ കൈക്കൊണ്ടിട്ടില്ല. ടാറ്റാ സൺസ് വ്യക്തമാക്കി.

മൂലധനം ലഭ്യമാക്കുന്നതിനും ജെറ്റ് പ്രിവിലേജ് പദ്ധതിയിൽ പങ്കാളിത്തം നേടുന്നതിനും താൽപര്യമുള്ളവരുമായി കമ്പനി ചർച്ച നടത്തുന്നുണ്ടെന്ന് ജെറ്റ് എയർ സിഎഫ്ഒ അമിത് അഗർവാൾ പറഞ്ഞിരുന്നു. ചെയർമാൻ നരേഷ് ഗോയലിനും കുടുംബത്തിനും 51%, ഇത്തിഹാദ് എയർവേയ്സിന് 24% പങ്കാളിത്തം ജെറ്റ് എയർവേയ്സിൽ ഉണ്ട്. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനി 1261 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ടാറ്റാ സൺസ് – സിംഗപ്പൂർ എയർലൈൻ സംയുക്ത സംരംഭത്തിൽ ജെറ്റിനെ ലയിപ്പിച്ച് പുതിയ സംരംഭത്തിന് രൂപം നൽകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഗോയൽ, എത്തിഹാദ്, ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻസ് എന്നിവർ പങ്കാളികളാവും.  ജെറ്റിനെ ഏറ്റെടുക്കാൻ എയർ ഏഷ്യയിൽ നിന്ന് ടാറ്റാ പിന്മാറുമെന്ന അഭ്യൂഹവും ഉണ്ട്. വിസ്താരയ്ക്ക് രാജ്യാന്തര സർവീസ് തുടങ്ങാൻ പുതിയ നീക്കം വഴിയൊരുക്കുമെന്നും വിലയിരുത്തുന്നു.