ചൈനീസ് അതിർത്തിയിൽ റോഡ് നിർമാണം വേഗത്തിലാക്കും; അരുണാചലിലും സിക്കിമിലും 19 അതിർത്തി റോഡുകൾ

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ചൈനീസ് അതിർത്തിയിൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നടപടിയാരംഭിച്ചു. ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ, സിക്കിം എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കും. ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി മേഖലകളിൽ 19 റോഡുകൾ നിർമിക്കാനാണു പദ്ധതി. ഇതിനു പുറമേ, 29 കെട്ടിടങ്ങളും നിർമിക്കും.

25,000 കോടി രൂപ ചെലവിട്ട് അതിർത്തി മേഖലകളിൽ പ്രതിരോധ – ആഭ്യന്തര മന്ത്രാലയങ്ങൾ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. അന്തിമ അനുമതിക്കായി സുരക്ഷാകാര്യ മന്ത്രിതല സമിതി പദ്ധതി ഉടൻ പരിഗണനയ്ക്കെടുക്കും. അതിർത്തിയിൽ ചൈന വൻതോതിൽ റോഡുകൾ നിർമിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയും നടപടി സ്വീകരിക്കുന്നത്.

അതിർത്തിയിൽ ദുർഘട മേഖലകളിലേക്കു വാഹനങ്ങൾക്ക് എളുപ്പം എത്താൻ കഴിയാത്തതിനാൽ സേനാ നീക്കം ദുഷ്കരമാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ ബംഗ്ലദേശുമായുള്ള അതിർത്തിയിൽ വേലി കെട്ടാനും പദ്ധതിയുണ്ട്.