ന്യൂഡൽഹി ∙ അയോധ്യയിൽ രാമക്ഷേത്ര നിർമാണമെന്ന ആവശ്യം ശക്തിപ്പെടുമ്പോൾ ഉറക്കം മുടങ്ങുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി കേന്ദ്രനേതൃത്വത്തിനും. പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ കേന്ദ്ര സർക്കാരിനെ കുഴപ്പത്തിലാക്കുന്ന നീക്കങ്ങളിൽനിന്നു പിന്തിരിയണമെന്ന അഭ്യർഥന പരിവാർ സംഘടനകൾ ചെവിക്കൊള്ളുന്നില്ല. രാമക്ഷേത്രം കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തു മുഖ്യ പ്രചാരണായുധമായിരുന്നെങ്കിലും നടപ്പാക്കാനുള്ള വാഗ്ദാനമായി ബിജെപി അതിനെ കണ്ടിരുന്നില്ല.
കേന്ദ്രത്തിനൊപ്പം യുപിയിലും ബിജെപി അധികാരത്തിലെത്തിയതും ഭൗതികസാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിയിരിക്കുന്നതുമാണു ക്ഷേത്രവാദികളെ ആവേശഭരിതരാക്കുന്നത്. മോദിയുടെ പിൻഗാമിയാകുമെന്നു വരെ കരുതപ്പെടുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളും നീക്കങ്ങളും ഇതിനു കരുത്തു പകരുന്നു. ക്ഷേത്രനിർമാണത്തിന് എതിരു നിൽക്കുന്നതു നരേന്ദ്ര മോദിയാണെന്ന പ്രചാരണവും അണിയറയിൽ ശക്തമാണ്. നിയമം കൊണ്ടുവരികയോ ഓർഡിനൻസ് ഇറക്കുകയോ ചെയ്യണമെന്ന ആവശ്യത്തോടു മോദി പ്രതികരിച്ചിട്ടില്ല. തീവ്ര ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ചു വന്ന മുൻ ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയാവുകയെന്ന ലക്ഷ്യം സാധിച്ചതോടെ ഭൂരിപക്ഷ താൽപര്യത്തോടു മുഖം തിരിക്കുകയാണെന്ന ആരോപണമാണ് അദ്ദേഹം നേരിടുന്നത്. വിഎച്ച്പിയും സന്യാസിമാരും പ്രഖ്യാപിച്ചിരിക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികളും എൻഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ നീക്കങ്ങളും ഉന്നം വയ്ക്കുന്നതു മോദിയെതന്നെ. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിലെ സമരമുഖത്ത് എത്തിയതു ബിജെപിയെ അസ്വസ്ഥരാക്കുന്നു.
കുംഭകർണനെ ഉണർത്താനാണു തന്റെ വരവ് എന്ന് ഉദ്ധവ് പറഞ്ഞത്, മോദിയെ ഉദ്ദേശിച്ചായിരുന്നു. രാമക്ഷേത്ര പ്രസ്ഥാനത്തിൽ ഒരു പങ്കുമില്ലാതിരുന്ന ശിവസേനയുടെ നേതാവിനെ സന്ദർശകനെന്നാണു യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വിശേഷിപ്പിച്ചത്. എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദിനങ്ങളിൽ അയോധ്യ പ്രക്ഷോഭത്തിനു കരുത്തു കുറയില്ലെന്നു നേതൃത്വത്തിനു ബോധ്യമുണ്ട്; അതു നിയന്ത്രണവിധേയമാക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിനു തൽക്കാലം ഉത്തരമില്ലെങ്കിലും. അതേസമയം, അംബരീഷിന്റെ മരണത്തെ തുടർന്നു ബെംഗളൂരുവിലെ വിഎച്ച്‌പി റാലി മാറ്റി. ഡിസംബർ രണ്ടാണു പുതിയ തീയതി.
സമാധാനം ഉറപ്പുവരുത്തണം: മുസ്‌ലിം സംഘടനകൾ
അയോധ്യ ∙ അയോധ്യയിൽ സമാധാനം ഉറപ്പുവരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുഷാവറ (എഐഎംഎംഎം) കത്തെഴുതി. ഡസനിലേറെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് എഐഎംഎംഎം. അയോധ്യയിൽ വിവിധ മതസ്ഥർ തമ്മിൽ പ്രശ്നങ്ങളില്ലെങ്കിലും പുറമേനിന്നെത്തുന്നവർ കുഴപ്പമുണ്ടാക്കിയേക്കുമെന്നാണ് ആശങ്ക.
അവിടെ തൽസ്ഥിതിയിൽ ബലപ്രയോഗത്തിലൂടെ മാറ്റമുണ്ടാക്കാനും സുപ്രീം കോടതി ഉത്തരവുകൾ ലംഘിക്കാനും ശ്രമമുണ്ടായാൽ അതു വലിയ സംഘർഷത്തിനിടയാക്കും. ക്രമസമാധാനം പാലിക്കുന്നതിൽ യുപി സർക്കാരിന്റെ അനാസ്ഥ ആയിരക്കണക്കിനു നിരപരാധികളുടെ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണെന്നും എഐഎംഎംഎം കുറ്റപ്പെടുത്തി. വിഎച്ച്പി സമ്മേളനത്തിനു മുൻപേ സുരക്ഷാഭീതി മൂലം ന്യൂനപക്ഷ സമുദായത്തിലെ ഏതാനും കുടുംബങ്ങൾ തൽക്കാലത്തേക്കു അയോധ്യ വിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. വിഎച്ച്പി സമ്മേളനം കഴിഞ്ഞു മടങ്ങിവരാനാണ് ഇവരുടെ തീരുമാനം.