Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഭീകരവേട്ടയ്ക്ക് മൂർച്ചകൂട്ടി സേന

Wife of Lance Naik Nazir Ahmed Wani വിടചൊല്ലി: കശ്മീരിലെ ഷോപിയാനിലെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടിലിനിടെ വീരമൃത്യു വരിച്ച സൈനികൻ നാസിർ അഹമ്മദിന്റെ മൃതദേഹം കുൽഗാമിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ പൂക്കളർപ്പിക്കുന്ന ഭാര്യ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടത്തിൽ സുരക്ഷാ സേനയ്ക്കു കരുത്തു പകർന്ന് പ്രദേശവാസികളുടെ ‘രഹസ്യാന്വേഷണ ശൃംഖല’. ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പ്രദേശവാസികളിൽ നിന്നു ലഭിച്ചു തുടങ്ങിയതാണു സമീപകാലത്ത് ഭീകര വേട്ട ശക്തമാക്കാൻ സേനയ്ക്കു സഹായമായത്. 

മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി, ഭീകര സംഘടനാ നേതാക്കളുടെ ഒളിത്താവളം സംബന്ധിച്ച രഹസ്യ വിവരങ്ങൾ പ്രദേശവാസികളിൽ നിന്നു ഇപ്പോൾ ലഭിക്കുന്നുണ്ടെന്നു കരസേനാ വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു. 

ലഷ്കർ കമാൻഡർ മുഷ്താഖ് മിർ, ഹിസ്ബുൽ കമാൻഡർ അബ്ബാസ് എന്നിവരെ കഴിഞ്ഞ ദിവസം വധിക്കാൻ സഹായകരമായ വിവരങ്ങൾ കൈമാറിയതു പ്രദേശവാസികളാണ്. ഈ വർഷം ഇതുവരെ 226 ഭീകരരെ സേന കൊലപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 217 ആയിരുന്നു. ഈ മാസം മാത്രം 32 പേരെ വധിച്ചു. 

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മാതൃകയിൽ ലഷ്കർ, ഹിസ്ബുൽ ഭീകരർ പ്രദേശവാസികളെ ലക്ഷ്യമിടാൻ ആരംഭിച്ചതോടെയാണ് അവർക്കെതിരായ വിവരങ്ങൾ തങ്ങളിലേക്ക് എത്താൻ തുടങ്ങിയതെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കരസേന, പൊലീസ്, സിആർപിഎഫ് എന്നിവയുടെ രഹസ്യാന്വേഷണ സംവിധാനത്തിനു പുറമെയാണ്, പ്രദേശവാസികളിൽ നിന്നുള്ള അജ്ഞാത സന്ദേശങ്ങൾ സേനയെ സഹായിക്കുന്നത്.