Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡമാൻ ദ്വീപുകളിലെ കടന്നുകയറ്റം തടയണമെന്ന് ആവശ്യം

andaman-sentinal നോർത്ത് സെന്റിനൽ ദ്വീപിന്റെ ആകാശക്കാഴ്ച. പഴയ ചിത്രം. ദ്വീപിലെ ഗോത്രവിഭാഗക്കാരിലൊരാൾ. അകലെനിന്നുള്ള ചിത്രം.

ന്യൂഡൽഹി ∙ ആൻഡമാൻ നിക്കോബാർ ദ്വീപിൽ യുഎസ് മതപ്രചാരകൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വംശനാശഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങൾക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി. ചരിത്രാതീതകാലം മുതൽ ബാഹ്യലോകവുമായി ബന്ധമില്ലാതെ കഴിയുന്ന സെന്റിനലി ഗോത്രവിഭാഗം വസിക്കുന്ന ഉത്തര സെന്റിനൽ ദ്വീപിൽ എത്തിയ ജോൺ അലൻ ചൗ (26) കഴിഞ്ഞ 17നാണ് അമ്പേറ്റു മരിച്ചത്.

തുടർന്ന് ആദിവാസികൾ മറവു ചെയ്തെന്നു കരുതുന്ന മൃതദേഹം വീണ്ടെടുക്കാൻ അധികൃതർ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. ക്രിസ്തുമത പ്രചാരണത്തിനു വേണ്ടിയാണു ദ്വീപിൽ പോകുന്നതെന്ന് അലൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ദ്വീപുവാസികളെ സ്വസ്ഥമായി വിടാൻ അനുവദിക്കണമെന്നും മൃതദേഹം വീണ്ടെടുക്കാൻ ശ്രമം തുടരരുതെന്നുമാണു നരവംശശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അഭിപ്രായം. ആൻഡമാനിലെ പരിസ്ഥിതി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചു.

തദ്ദേശീയ സംസ്കാരവും വിജ്ഞാന സ്രോതസ്സുകളും കടന്നുകയറ്റം മൂലം ഭീഷണി നേരിടുന്നതിനാൽ, ഗോത്ര സംരക്ഷണ നിയമം ശക്തമാക്കണമെന്നാണ് ആവശ്യം. ഉത്തര സെന്റിനൽ അടക്കം ആൻഡമാനിലെ 26 ദ്വീപുകൾ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര നിയമത്തിൽ സമീപകാലത്ത് ഇളവു വന്നതോടെയാണ് വിദേശസഞ്ചാരികൾ എത്താൻ തുടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കണക്കു പ്രകാരം 2015 നു ശേഷം വിദേശികൾ അടക്കം 16 ലക്ഷം സഞ്ചാരികളാണ് ആൻഡമാൻ നിക്കോബാർ സന്ദർശിച്ചത്. കഴിഞ്ഞവർഷം മാത്രം 15,310 വിദേശികൾ എത്തി.

related stories