മറാഠയ്ക്ക് 16%; സംവരണത്തിൽ മഹാരാഷ്ട്ര രണ്ടാമത്

മുംബൈ ∙ മറാഠ സമുദായത്തിനു തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 16% സംവരണം നൽകുന്ന ബിൽ മഹാരാഷ്ട്ര സർക്കാർ ഐകകണ്ഠ്യേന പാസാക്കി. ഇതു പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്തെ ആകെ സംവരണം 68 ശതമാനമാകും. ഇതോടെ സംവരണത്തിൽ തമിഴ്നാടിനു (69%) പിന്നിൽ രാജ്യത്തു രണ്ടാമതാകും മഹാരാഷ്ട്ര. ഹരിയാന – 67%, തെലങ്കാന – 62%, രാജസ്ഥാൻ– 54% എന്നിങ്ങനെയാണു മൂന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ. കേരളത്തിൽ 50% ആണു സംവരണം. 

മറാഠകൾ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണു മഹാരാഷ്ട്ര ബിജെപി സർക്കാരിന്റെ നടപടി. ഒട്ടേറെപ്പേർ സമരത്തിനിടെ ജീവനൊടുക്കിയിരുന്നു. അതേസമയം, സംവരണത്തെ എതിർക്കുന്നവർ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കോൺഗ്രസ് – എൻസിപി സർക്കാർ മറാഠകൾക്ക് 16 % സംവരണം അംഗീകരിച്ചെങ്കിലും നടപ്പാക്കുന്നതു ബോംബെ ഹൈക്കോടതി തടഞ്ഞിരുന്നു.

ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്ത വർഷം നടക്കാനിരിക്കെ സംവരണ ബിൽ അംഗീകരിച്ച സർക്കാർ നടപടി ബിജെപിക്കുരാഷ്ട്രീയ നേട്ടമാകുമെന്നാണു വിലയിരുത്തൽ.