‘ഹനുമാൻസ്വാമി ദലിതനെങ്കിൽ ക്ഷേത്രഭരണം തരണം’; ആദിത്യനാഥിന്റെ പരാമർശത്തിനു പിന്നാലെ ദലിത് മാർച്ച്

ലക്നൗ ∙ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ ‘ഹനുമാൻസ്വാമി ദലിതനായിരുന്നു’ എന്ന പരാമർശത്തെ തുടർന്ന് ‘എങ്കിൽ ഹനുമാൻ ക്ഷേത്രങ്ങളുടെ ഭരണം ഞങ്ങളെ ഏൽപ്പിക്കണം’ എന്ന ആവശ്യവുമായി ദലിത് മാർച്ച്. പൂണൂലും ഹനുമാൻ കീർത്തനങ്ങളുമായി മുപ്പതോളം ദലിതരാണ് ഡൽഹി– കാൻപുർ ദേശീയപാതയിലെ ഹനുമാൻ ക്ഷേത്രത്തിനു മുന്നിലെത്തിയത്.

ദൈവങ്ങളെ ജാതി ചേർത്തല്ല ഞങ്ങൾ ആരാധിക്കുന്നത്.– ജാഥ നയിച്ച കോൺഗ്രസ് നേതാവ് അമിത് സിങ് പറഞ്ഞു.

പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് രാജസ്ഥാ‍ൻ ഘടകം ആദിത്യനാഥിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. ദൈവം ജാതികൾക്ക് അതീതനാണെന്ന നിലപാടുമായി യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്രസിങ്ങും രംഗത്തെത്തി.