ശ്രീനഗർ ∙ യുവാക്കളെ ആകർഷിക്കാൻ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾ ഉപയോഗിക്കുന്ന പുതിയ മാർഗങ്ങളിലൊന്ന് പെൺകെണി. ആയുധങ്ങൾ കടത്തുന്നതിനും നുഴഞ്ഞുകയറ്റക്കാരായ ഭീകരർക്കു വഴികാട്ടിയാകാനും ഇത്തരം യുവാക്കളെ ഉപയോഗിക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ കണ്ണിയിൽ പെട്ട സെയ്ദ് ഷാദിയയെ സുരക്ഷാസേന പിടികൂടിയിരുന്നു.
ബന്ദിപ്പുരയിൽ നിന്നാണു യുവതി പിടിയിലായത്. ഇവർക്ക് ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായി. താഴ്‌വരയിലെ യുവാക്കൾ ഇവ പിന്തുടരുന്നുണ്ട്. യുവാക്കളുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്ന ഇവർ പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കുന്നതായി കണ്ടെത്തി.