മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി ജസ്റ്റിസ് കുര്യൻ ജോസഫ്

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏതോ ചില ബാഹ്യശക്തികളുടെ സ്വാധീനത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും ഇതു നീതിനിർവഹണത്തെ ബാധിച്ചിരുന്നതായും ജസ്റ്റിസ് കുര്യൻ ജോസഫ്. ദീപക് മിശ്രയുടെ പ്രവർത്തന ശൈലിക്കെതിരെ കഴിഞ്ഞ ജനുവരി 12ന് അസാധാരണ മാധ്യമ സമ്മേളനം നടത്തിയ സുപ്രീം കോടതിയിലെ 4 മുതിർന്ന ജഡ്ജിമാരിൽ ഒരാളാണ് കഴിഞ്ഞ മാസം 29 ന് വിരമിച്ച കുര്യൻ ജോസഫ്. ദീപക് മിശ്രയുടെ പ്രവർത്തനം ഏതോ ശക്തിയുടെ ‘വിദൂര നിയന്ത്രണ’ത്തിലായിരുന്നുവെന്നും അതു നിയമവ്യവസ്ഥയെ ബാധിച്ചുവെന്നും പറഞ്ഞ ജസ്റ്റിസ് കുര്യൻ ഇതിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യത്തിനു മറുപടി നൽകിയില്ല.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സർക്കാരോ ആണോ ഈ ബാഹ്യശക്തിയെന്ന ചോദ്യത്തിന് പക്ഷപാതമുണ്ടായിരുന്നു എന്ന അഭിപ്രായമേയുള്ളുവെന്നും അതിന് ഏതെങ്കിലും പ്രത്യേക കേസ് പരമാർശിക്കേണ്ടതില്ലെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു.. ജഡ്ജിമാരുടെ മാധ്യമസമ്മേളനത്തിനു ഫലമുണ്ടായി എന്നും അതിനുശേഷം ചീഫ് ജസ്റ്റിസ് മിശ്രയുടെ പ്രവർത്തനം ശരിയായ ദിശയിലായിരുന്നുവെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. തികച്ചും ബോധ്യമുള്ള കാര്യങ്ങളാണ് അന്ന് ഞങ്ങൾ മാധ്യമസമ്മേളനത്തിൽ പറഞ്ഞത്.

അത് ഏതെങ്കിലും ഒരു കേസിന്റെ പശ്ചാത്തലത്തിലായിരുന്നില്ല – ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ബന്ധമുള്ള സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജിയെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി. ഉന്നത നീതിപീഠത്തിലെ ജഡ്ജിമാരുടെ നിയമനത്തിനു പ്രാഗല്ഭ്യം മാത്രം മാനദണ്ഡമാകണമെന്നും പറഞ്ഞു.