ന്യൂഡൽഹി ∙ വിശ്വാസ സ്വാതന്ത്ര്യത്തിൽ ഇടപെടുമ്പോൾ കോടതികൾ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. ഭരണഘടന നിർദേശിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ മാത്രമേ കോടതി ഇടപെടാൻ പാടുള്ളു. ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള ഇടപെടലുകളാണ് വേണ്ടത്. എന്നാൽ, നടപ്പാക്കാൻ പറ്റുന്ന വിധികൾ മാത്രമേ കോടതികൾ നൽകാവൂ എന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ വ്യക്തത തേടി കോടതിയെ സമീപിക്കുകയാണു വേണ്ടതെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.പുനഃപരിശോധിക്കാത്തിടത്തോളം കാലം കോടതിവിധികൾ അന്തിമമാണ്. വിയോജിപ്പുണ്ടെങ്കിൽ നിയമപരമായ പ്രതിഷേധമാണു വേണ്ടത്. കോടതി വിധി പാലിക്കാതിരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ താനുൾപ്പെടെ 4 ജഡ്ജിമാർ കഴിഞ്ഞ ജനുവരിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഖേദമില്ല. കേരള ഹൈക്കോടതിയിലേക്കുൾപ്പെടെ ജഡ്ജി നിയമനത്തിനായി നൽകിയ പേരുകൾ കേന്ദ്ര സർക്കാർ തിരഞ്ഞുപിടിച്ചു വെട്ടുകയാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ആരോപിച്ചു.