കുര്യൻ ജോസഫിന് എതിരെ രാഷ്ട്രപതിക്ക് കത്ത്

ന്യൂഡൽഹി∙ സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫി‌ന്റെ പരാമർശം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷന്റെ പരാതി. ന്യൂനപക്ഷ സമുദായാംഗമായത് തൊഴിൽ ‌ഉയർച്ച വൈകിച്ചെന്ന് കുര്യൻ ജോസഫ‌് പറഞ്ഞതായും ഇത് ഇന്ത്യൻ ഭരണത്തെ വികൃതമായി കാണുന്നതിനു തുല്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ ഉപാധ്യക്ഷൻ ജോർജ് കു‌ര്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തു നൽകിയത്.

സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ വിരമിച്ചാലും ഇവരുടെ ഭാഗത്തു നിന്നു സത്യപ്രതിജ്ഞാ ലംഘനം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. വ്യ‌ക്തിപരമായ ഒരു കാര്യം പറഞ്ഞതിനെ ന്യൂനപക്ഷങ്ങളുടെ പ്ര‌‌ശ്നം എ‌ന്ന നിലയിൽ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു ചിലരെന്ന് കഴിഞ്ഞ ദിവസം കു‌ര്യൻ ജോസഫ് വിശദീകരിച്ചിരുന്നു.