ന്യൂഡൽഹി∙ ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറിലെ സംഘർഷത്തിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങും സ്ഥലവാസിയായ യുവാവും കൊല്ലപ്പെട്ട കേസിൽ സൈനികൻ ജിതേന്ദ്ര മാലിക്കിനെ ജമ്മു കശ്മീരിൽ കരസേന കസ്റ്റഡിയിലെടുത്തു. സുബോധ്കുമാറിനു നേരെ ജിതേന്ദ്ര മാലിക് വെടിവയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യം ലഭ്യമായ സാഹചര്യത്തിലാണു നടപടി. 22 രാഷ്ട്രീയ റൈഫിൾസിലെ സൈനികനായ മാലിക് ബുലന്ദ്ശഹർ സ്വദേശിയാണ്. നാട്ടിൽനിന്നു കശ്മീരിലെ സോപോറിലുള്ള ക്യാംപിൽ മടങ്ങിയെത്തിയപ്പോഴാണു പിടികൂടിയത്.
ബുലന്ദ്ശഹറിൽ പൊലീസ് സീനിയർ സൂപ്രണ്ട് കെ.ബി. സിങ് അടക്കം 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. കലാപം സംബന്ധിച്ച ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഇതിനിടെ, യുപിയിൽ തന്നെ കാൻപുരിലെ ജലൗൺ ഗ്രാമത്തിൽ പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതു സംഘർഷത്തിനിടയാക്കി. ഫാമിൽ രോഗം മൂലം ചത്ത 7 പശുക്കളുടെ അവശിഷ്ടങ്ങളാണിതെന്നു പൊലീസ് കണ്ടെത്തിയതോടെയാണു സ്ഥിതി ശാന്തമായത്.
ബുലന്ദ്ശഹർ കേസിൽ ഇടപെടില്ലെന്നും സൈനികൻ ജിതേന്ദ്ര മാലിക്കിനെ പൊലീസിനു കൈമാറുമെന്നും കരസേന വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സുബോധ് സിങ്ങിന്റെയും യുവാവ് സുമിത് കുമാറിന്റെയും മൃതദേഹങ്ങളിൽ നിന്നു ലഭിച്ച വെടിയുണ്ടകൾ ഒരേ പിസ്റ്റളിൽ നിന്നുള്ളതാണെന്നു കണ്ടെത്തിയിരുന്നു. ഈ പോയിന്റ് 32 പിസ്റ്റൾ ജിതേന്ദ്ര മാലിക്കിന്റേതാണ്.
അക്രമസംഭവങ്ങളെക്കുറിച്ച് ഇന്റലിജൻസ് അഡീഷനൽ ഡയറക്ടർ ജനറൽ എസ്.ബി. ശിരദ്കർ വെള്ളിയാഴ്ച മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്എസ്പിയെയും സയാനയിലെ സർക്കിൾ ഒാഫിസർ സത്യ പ്രകാശ് ശർമ, ചിംഗ്രാവതി ചൗക്കിലെ ഇൻ ചാർജ് സുരേഷ് കുമാർ എന്നിവരെയും സ്ഥലം മാറ്റിയത്.