ലണ്ടൻ കോടതി പറഞ്ഞു: ‘മല്യ പറ്റിച്ചു, പ്ലേബോയ് പരിവേഷത്തിൽ ബാങ്കുകൾ മയങ്ങിവീണു’

ലണ്ടൻ∙ ഇന്ത്യയ്ക്കു കൈമാറാൻ ഉത്തരവിട്ടുള്ള ലണ്ടൻ കോടതിയുടെ വിധിയിൽ വിജയ് മല്യയ്ക്കെതിരെയുള്ളതു കടുത്ത നിരീക്ഷണങ്ങൾ. തന്റെ സ്ഥാപനത്തിന്റെ അവസ്ഥയെക്കുറിച്ചു മല്യ ബാങ്കുകളെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത്‌നോട്ട് വിധിന്യായത്തിൽ പറയുന്നു.

ബാങ്കുകളോടു പറഞ്ഞ കാര്യങ്ങൾക്കല്ല വായ്പാതുക ചെലവഴിച്ചത്. തന്റെ താരപരിവേഷം വച്ചു മല്യ ബാങ്ക് അധികൃതരെ വിഡ്ഢികളാക്കിയതാകാം. വായ്പയ്ക്കു വേണ്ടി സമർപ്പിച്ചതു വ്യാജ രേഖകളാണ്. ഒരു ആരോപണം പോലും കെട്ടിച്ചമച്ചതാണെന്നു കരുതാവുന്ന സൂചനകളില്ല. തെളിവുകളെല്ലാം കണക്കിലെടുക്കുമ്പോൾ വ്യക്തമായും നിലനിൽക്കുന്ന കേസാണിതെന്നു കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അപേക്ഷ പ്രകാരം 2017 ഏപ്രിലിലും ഒക്ടോബറിലും മല്യ അറസ്റ്റിലായെങ്കിലും ഉടൻ ജാമ്യത്തിലിറങ്ങിയിരുന്നു. കൈമാറ്റം ആവശ്യപ്പെട്ടുള്ള കേസിൽ 2017 ഡിസംബറിലാണു കോടതിയിൽ വിചാരണ ആരംഭിച്ചത്. പണം തിരിച്ചടയ്ക്കാൻ മല്യ ശ്രമിച്ചിട്ടേയില്ലെന്നും വായ്പയെടുത്ത പണം വഴിമാറ്റി ചെലവഴിക്കുകയായിരുന്നുവെന്നും വിചാരണ വേളയിൽ ഇന്ത്യ വാദിച്ചിരുന്നു. വായ്പകൾ അനുവദിച്ച രീതിയെ ജ‍ഡ്ജി നിശിതമായി വിമർശിച്ചു. ഇക്കാര്യത്തിൽ ബാങ്കുകളുടെ വീഴ്ചയ്ക്കു രണ്ടിലൊരു കാരണം സംശയിക്കാം. ഒന്നുകിൽ സാമ്പത്തിക നേട്ടം കൈപ്പറ്റി ബോധപൂർവം കൂട്ടുനിന്നു. അല്ലെങ്കിൽ മല്യയുടെ പ്ലേബോയ് പരിവേഷത്തിൽ മയങ്ങിവീണു.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പഴുതില്ലാത്ത വിചാരണ ഉറപ്പാക്കുമെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. സിബിഐയുടെ വിശ്വാസ്യത സംബന്ധിച്ചു മല്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും വിലയിരുത്തി.

തിരിച്ചടവ്: ഹർജി 17ന് ഹൈക്കോടതിയിൽ

ബെംഗളൂരു∙ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാമെന്നു വാഗ്ദാനം ചെയ്തുള്ള വിജയ് മല്യയുടെ ഹർജിയിൽ കർണാടക ഹൈക്കോടതി വാദം 17ലേക്കു മാറ്റി. ലണ്ടനിൽ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ, കർണാടക ഹൈക്കോടതി തന്റെ ഹർജി പരിഗണിക്കുകയാണെന്ന് മല്യ അറിയിച്ചു.

മുങ്ങിയെന്ന് അറിഞ്ഞതുപോലും ഒരാഴ്ച കഴിഞ്ഞ്

ന്യൂഡൽഹി ∙ യുപിഎ സർക്കാരിന്റെ കാലത്ത് 2012– ’13ലാണു വിജയ് മല്യയ്ക്കെതിരായ കേസുകളുടെ തുടക്കം. 2005 ൽ ആരംഭിച്ച കിങ്ഫിഷർ എയർലൈൻസിനായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാത്തതു 2011 ൽ തന്നെ പ്രശ്നമായിരുന്നു. 

2015 ഫെബ്രുവരിയിൽ 17 ബാങ്കുകളുടെ കൺസോർഷ്യം കിങ്ഫിഷർ എയർലൈൻസിന്റെ മുംബൈയിലെ ആസ്ഥാനമന്ദിരം നിയമനടപടികളിലൂടെ പിടിച്ചെടുത്തു. മല്യ ലണ്ടനിലേക്കു താമസം മാറ്റിയേക്കുമെന്ന വാർത്തകൾ 2016 ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു.

രാജ്യസഭാ എംപിയായി മാർച്ച് ഒന്നിനു പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത മല്യ പിറ്റേന്നു രാജ്യം വിട്ടു. ഇക്കാര്യം പുറത്തറിഞ്ഞതു പോലും ഒരാഴ്ചയ്ക്കു ശേഷം സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി അറിയിച്ചപ്പോൾ മാത്രം. ഇന്ത്യയുടെ അപേക്ഷ പ്രകാരം 2017 ഏപ്രിലിലും ഒക്ടോബറിലും മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തെങ്കിലും ഉടൻ ജാമ്യത്തിലിറങ്ങി.