മുംബൈ∙ ഇന്ത്യയ്ക്കു വിട്ടുകിട്ടുമ്പോൾ വിജയ് മല്യയെ പാർപ്പിക്കാൻ ആർതർ റോഡ് ജയിലിൽ അതീവ സുരക്ഷയുള്ള പ്രത്യേക സെൽ നേരത്തേ തന്നെ ഒരുങ്ങിക്കഴിഞ്ഞു. 26/11 ഭീകരാക്രമണക്കേസിലെ പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്‌സിന്റെ താഴത്തെ നിലയിലാകും മല്യയുടെയും തടവുജീവിതം. തീപിടിത്തവും ബോംബ് ആക്രമണവും പ്രതിരോധിക്കുന്ന വിധമാണു സെൽ നിർമിതി.
കസബിനെ പാർപ്പിച്ചപ്പോഴാണു ബോംബ് പ്രതിരോധ സംവിധാനം ഒരുക്കിയത്. മുഴുവൻ സമയ നിരീക്ഷണത്തിനു സിസിടിവി ക്യാമറകളുണ്ട്; അത്യാധുനിക ആയുധങ്ങളുമായി കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും. ബാരക്കിനോടു ചേർന്നുള്ള പ്രത്യേക ഡിസ്പെൻസറിയിൽ 3 ഡോക്ടർമാരുടെ സേവനം ലഭ്യം. കാറ്റും വെളിച്ചവും കടക്കുന്ന വിധം നിർമിച്ച സെല്ലിനോടു ചേർന്ന് യൂറോപ്യൻ ക്ലോസറ്റ് ഉള്ള ശുചിമുറിയും അലക്കാനുള്ള സൗകര്യവുമുണ്ട്.
ജയിലിലെ മറ്റു ശുചിമുറികൾ ഇന്ത്യൻ രീതിയിലുള്ളതാണ്. ഷീന ബോറ വധക്കേസിലെ പ്രതിയും സ്റ്റാർ ഇന്ത്യ മുൻ മേധാവിയുമായ പീറ്റർ മുഖർജി നിലവിൽ ബാരക്ക് 12ൽ വിചാരണത്തടവുകാരനായുണ്ട്.