ഐസോൾ∙ 2000 വോട്ടിന്റെ ലീഡെന്നൊക്കെ പറഞ്ഞാൽ ഏതു നിമിഷവും മാറി മറിയാവുന്നതല്ലേ എന്നു തോന്നാൻ വരട്ടെ. മിസോറമിൽ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കൂടിയ ലീഡ് 2720 വോട്ടുകളാണ്. ഐസോൾ വെസ്റ്റ് 2 മണ്ഡലത്തിൽ മിസോ നാഷനൽ ഫ്രണ്ടിന്റെ ലാൽറുവാത്കിമയാണ് ഈ ‘വൻ’ ഭൂരിപക്ഷം നേടിയത്. അദ്ദേഹത്തിന് ആകെ കിട്ടിയത് 7,626 വോട്ട്. എതിർസ്ഥാനാർഥി കോൺഗ്രസിന്റെ ലാൽമാൽസാവ്മയ്ക്ക് 4,906 വോട്ടും.
നിയുക്ത മുഖ്യമന്ത്രി സോറാംതാംഗയും ‘നല്ല’ ഭൂരിപക്ഷത്തിനാണു ജയിച്ചത്. ഐസോൾ ഈസ്റ്റ് ഒന്നിൽ 2504 വോട്ടിന്റെ ഭൂരിപക്ഷമുണ്ട് അദ്ദേഹത്തിന്. രണ്ടു മണ്ഡലങ്ങളിൽ മൽസരിച്ച മുൻ മുഖ്യമന്ത്രി കോൺഗ്രസിന്റെ ലാൽതൻഹവ്‌ല മിസോറം നിലവാരപ്രകാരം നല്ല വോട്ടുകൾക്കാണ് രണ്ടിടത്തും തോറ്റത് – ഒരിടത്ത് 410 വോട്ടിന്, ഒരിടത്ത് 1049 വോട്ടിന്.
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 3 വോട്ടാണ്. തുയ്‍വാളിൽ എംഎൻഎഫിന്റെ ലാൽ ചന്ദമ റൽടെയ്ക്ക്. മിസോറമിൽ ഒരു സ്ഥാനാർഥിക്കു കിട്ടുന്ന പരമാവധി വോട്ടിന്റെ ശരാശരി 5000–6000 ആണ്.