Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

230 സീറ്റ്, 24 മണിക്കൂർ; ബാലറ്റ് കാലത്തെ ഓർമിപ്പിച്ച് മധ്യപ്രദേശ് വോട്ടെണ്ണൽ

Kamal Nath, Jyotiraditya Scindia (ചിത്രം 1) മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽനാഥ് മാധ്യമപ്രവർത്തകരോടു പാർട്ടിയുടെ വിജയത്തെപ്പറ്റി വിശദീകരിച്ച ശേഷം മടങ്ങുന്നു. (ചിത്രം 2) പാർട്ടിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.

ഭോപാൽ ∙ ട്വന്റി 20 ക്രിക്കറ്റിന്റെ അവസാന ഓവറുകൾക്കു പോലും മധ്യപ്രദേശ് വോട്ടെണ്ണലിന്റെ പിരിമുറുക്കം ഉണ്ടായിട്ടുണ്ടാകില്ല. വോട്ടെണ്ണൽ തുടങ്ങി 24 മണിക്കൂർ കഴിഞ്ഞ് ഇന്നലെ രാവിലെ 8.30 നാണു കോൺഗ്രസിനു 114 സീറ്റും ബിജെപിക്കു 109 സീറ്റുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുന്നത്. ഇതിനിടെ, പല തവണ ഭൂരിപക്ഷം ഇരുപാർട്ടികൾക്കുമിടയിൽ പെൻഡുലം പോലെ ആടിനിന്നു. 116 എന്ന കേവല ഭൂരിപക്ഷ സംഖ്യ കൊതിപ്പിച്ചു മാറിനിന്നു.

കോൺഗ്രസ് ഒരു ഘട്ടത്തിൽ 120 സീറ്റ് വരെ ലീഡ് നേടിയിരുന്നു. പിന്നാലെ ബിജെപിക്കു താഴെപ്പോകുകയും ചെയ്തു. വൈകിട്ട് ആറിന് ഇരു പാർട്ടികളും ഒപ്പത്തിനൊപ്പം. അവസാന ഓവറിലെ സിക്സർ പോലെ പിന്നെ കോൺഗ്രസിന്റെ കുതിപ്പ്. രാത്രി വൈകി 114– 109 എന്ന തോതിലേക്കുറച്ചു. ഇതിനിടയിലുമുണ്ടായി 113– 110, 115– 108 എന്നിങ്ങനെ ചാഞ്ചാട്ടങ്ങൾ. 

ആശങ്കയുടെ രാപകൽ

രാത്രി 10.30: മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു ഗവർണർ ആനന്ദിബെൻ പട്ടേലിനു കമൽനാഥിന്റെ കത്ത്. 

ഗോവയിലെയും കർണാടകയിലെയും പാഠങ്ങളായിരുന്നിരിക്കാം കോൺഗ്രസിന്റെ മനസ്സിൽ. കത്ത് കൈപ്പറ്റിയതായി  രാജ്ഭവൻ സ്ഥിരീകരണം. 

രാത്രി 1.30: പൂർണ ഫലം വന്നശേഷം ബാക്കി കാര്യങ്ങളെന്നു ഗവർണറുടെ പ്രതികരണം. 

പുലർച്ചെ 2.30: കോൺഗ്രസ് ത്രിമൂർത്തികൾ പിസിസി അധ്യക്ഷൻ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ് എന്നിവരുടെ വാർത്താ സമ്മേളനം. 

രാവിലെ10.40: പിന്തുണ കോൺഗ്രസിനെന്നു ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. 

10.50: ഉച്ചയ്ക്കു 12നു കൂടിക്കാഴ്ചയ്ക്കു കോൺഗ്രസിനു ഗവർണറുടെ ക്ഷണം. 

11.10: മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെ രാജിയോടെ ചിത്രം വ്യക്തം. ‘ഇനി ഞാൻ സ്വതന്ത്രൻ’ എന്നു പ്രഖ്യാപനം. 

11.45: കോൺഗ്രസിന് എസ്പി പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്.

ഉച്ചയ്ക്ക് 12.45: ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ പിന്തുണക്കത്തുകൾ കൈമാറി കമൽനാഥ്. 

രാജസ്ഥാനിലും ഛത്തീസ്ഗഡിലുമെന്ന പോലെ മധ്യപ്രദേശിലും കോൺഗ്രസ് അങ്ങനെ സർക്കാർ രൂപീകരണത്തിന്റെ തിരക്കുകളിലേക്ക്. 

പരാതി കേൾക്കാൻ വയ്യ, കരുതലോടെ കമ്മിഷൻ

ഭോപാൽ ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മധ്യപ്രദേശിലെത്തിയ മാധ്യമപ്രവർത്തകർ മുതൽ രാഷ്ട്രീയ നിരീക്ഷകർ വരെ ചോദിച്ച ചോദ്യം എന്തുകൊണ്ട് തിരഞ്ഞെടുപ്പു ഫലം ഇങ്ങനെ വൈകുന്നു എന്നതായിരുന്നു. മറ്റു 4 സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും മുഖ്യമന്ത്രിമാർ പരാജയം അംഗീകരിക്കുകയും തെലങ്കാനയിൽ ചന്ദ്രശേഖർ റാവു തിരഞ്ഞെടുപ്പുജയ പ്രസംഗം നടത്തുകയും ചെയ്തിട്ടും മധ്യപ്രദേശിൽ വോട്ട് എണ്ണിക്കൊണ്ടിരുന്നു.

മന്ദഗതിയിലുള്ള, സൂക്ഷ്മമായ വോട്ടെണ്ണൽ ആയിരുന്നു കാരണം. വോട്ടെണ്ണൽ അതീവ ജാഗ്രതയോടെ മതിയെന്നു തിരഞ്ഞെടുപ്പു കമ്മിഷനും നിർദേശിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വോട്ട് ചെയ്യുമ്പോൾ ലഭിക്കുന്ന വിവിപാറ്റ് രസീതുമായി ഒത്തുനോക്കി മുന്നോട്ടുപോകാൻ ഏറെ നേരം വേണ്ടിവന്നു. ഓരോ മണ്ഡലത്തിലും ഏതെങ്കിലും ഒരു വോട്ടിങ് യന്ത്രവും അതിന്റെ വിവിപാറ്റും കമ്മിഷൻ എടുത്തുപരിശോധിച്ചിരുന്നു.

നേരത്തേ ഓരോ റൗണ്ടിലെയും ഫലം എഴുതിക്കാണിക്കുകയാണു ചെയ്തിരുന്നെങ്കിൽ ഇത്തവണ ഫലം രേഖാമൂലം സ്ഥാനാർഥിക്കോ പ്രതിനിധിക്കോ നൽകി. എതിരഭിപ്രായമുണ്ടെങ്കിൽ രേഖപ്പെടുത്താനും അവസരം നൽകി. ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ വീണ്ടുമെണ്ണും. ഇങ്ങനെ പല ‘റീടേക്കു’കളിലൂടെയാണു നടപടികൾ പുരോഗമിച്ചത്. അടുത്ത റൗണ്ട് എണ്ണുന്നതിന് എതിർപ്പില്ലെന്നു സ്ഥാനാർഥിയോ പ്രതിനിധിയോ അറിയിക്കുകയും വേണമായിരുന്നു. നടപടിക്രമങ്ങളെല്ലാം ഇത്ര കൃത്യമായി പാലിച്ചതിനാൽ 0.1 % മാത്രം വോട്ടുവ്യത്യാസമുള്ള തിരഞ്ഞെടുപ്പിലും പരാതികളുണ്ടായില്ല. 22 റൗണ്ടിലധികമുള്ള വോട്ടെണ്ണൽ 24 മണിക്കൂർ നീണ്ടപ്പോൾ മുതിർന്ന തലമുറയ്ക്കെങ്കിലും ഓർമ വന്നതു പഴയ ബാലറ്റ് കാലം.