ഭോപാൽ∙ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ നേരിട്ടതു ചരിത്രത്തിന്റെ ആവർത്തനം. 30 വർഷം മുൻപ് അച്ഛൻ മാധവറാവു സിന്ധ്യയ്ക്കും ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രി സ്ഥാനം കിട്ടാതെ പോയിരുന്നു. ചുർഹട്ട് ലോട്ടറി അഴിമതിക്കേസിൽ ഉൾപ്പെട്ട് അർജുൻ സിങ് 1989 ജനുവരിയിൽ രാജിവച്ചപ്പോൾ പകരം സിന്ധ്യയുടെ പേര് സജീവമായി ഉയർന്നിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹം ഡൽഹിയിൽ നിന്നു ഭോപാലിലെത്തുകയും ചെയ്തു.
എന്നാൽ അർജുൻ സിങ് ഇതിനെ ശക്തമായി എതിർക്കുകയും തന്റെ പക്ഷത്തെ എംഎൽഎമാരെ മാറ്റിപ്പാർപ്പിക്കുകയും െചയ്തതോടെ അന്നു പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിക്കു തീരുമാനം മാറ്റേണ്ടിവന്നു. ഒടുവിൽ മുഖ്യമന്ത്രിയായതു മോത്തിലാൽ വോറ. അർജുൻസിങ്ങിന്റെ മകൻ അജയ് സിങ് ആയിരുന്നു കഴിഞ്ഞ സഭയിൽ പ്രതിപക്ഷ നേതാവ്. ഇക്കുറി തോറ്റു.