മിസോറമിൽ സോറാംതാംഗ അധികാരമേറ്റു

മിസോറം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സോറാംതാംഗ ഗവർണർ കുമ്മനം രാജശേഖരനൊപ്പം.

ഐസോൾ∙ മിസോറം മുഖ്യമന്ത്രിയായി സോറാംതാംഗ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കുമ്മനം രാജശേഖരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 5 കാബിനറ്റ് മന്ത്രിമാരും 6 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ടോൺലുയിയയാണ് ഉപമുഖ്യമന്ത്രി.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ലാൽ തൻവാല, ഭാര്യ ലാൽ റിലിയാനി, മുൻ മന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 40 അംഗ നിയമസഭയിൽ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) 26 സീറ്റുകൾ നേടി. 3–ാം തവണയാണു സോറാംതാംഗ അധികാരത്തിലെത്തുന്നത്. എൻഡിഎ–നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് സഖ്യം വിടാൻ എംഎൻഎഫിന് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മിസോ ഭാഷയിൽ സത്യപ്രതിജ്ഞ

ഐസോൾ∙ മുഖ്യമന്ത്രി സോറാംതാംഗയും മന്ത്രിമാരും മിസോ ഭാഷയിൽ സത്യപ്രതിജ്ഞ ചൊല്ലിയതു വേറിട്ടതായി. കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ സ്പീക്കർ ലാൽചംലിയാന മിസോറം തനതു വേഷം ധരിച്ചെത്തിയതും കയ്യടി നേടി. ബൈബിൾവചനങ്ങളുടെയും പ്രാർഥനാഗീതങ്ങളുടെയും അകമ്പടിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.

രാജ്ഭവന്റെ പുൽത്തകിടിയിൽ നടന്ന ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായത് സംസ്ഥാനത്തെ 16 പ്രമുഖ ക്രൈസ്തവ സഭകളുടെ സംയുക്തസമിതി അധ്യക്ഷൻ റവ. ആർ. ലാൽമിങ്താംഗ നയിച്ച പ്രാർഥന. തുടർന്ന്, ഗായകസംഘം ആലപിച്ച പ്രാർഥനാഗീതം മുഴങ്ങി.