അഞ്ചുവർഷം മുൻപ് മാവോയിസ്റ്റ് ആക്രമണത്തിൽ നേതാക്കൾ നഷ്ടമായ പാർട്ടിയായിരുന്നു ഛത്തീസ്ഗഡിൽ കോൺഗ്രസ്. വി.സി ശുക്ലയും നന്ദകുമാർ പട്ടേലുമടക്കം അരഡസനിലേറെ മുൻനിര നേതാക്കളാണ് 2013 മേയിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മരിച്ചത്. തളർന്നുപോയ പാർട്ടിയെ താങ്ങിയെണീപ്പിച്ച്, കൈപിടിച്ചു നടത്തി, സ്വന്തം കാലിൽ ഉറപ്പിച്ചു നിർത്തിയതിൽ ഭൂപേഷ് ബാഗേലിന്റെ പങ്ക് വലുതാണ്. 2014 ഒക്ടോബറിലാണ് ബാഗേൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. നേതാക്കളുടെ മരണം, മൂന്നാം വട്ടവും തിരഞ്ഞെടുപ്പുതോൽവി, പാർട്ടിക്കുളളിലെ തമ്മിലടി,കേന്ദ്രത്തിലെ ഭരണനഷ്ടം തുടങ്ങി എല്ലാ സാഹചര്യങ്ങളും പ്രതികൂലം.
പ്രതിസന്ധികളിൽ ആടിയുലഞ്ഞപ്പോഴും ബാഗേലും പ്രതിപക്ഷ നേതാവ് ടി.എസ് സിങ് ദേവും കപ്പിത്താന്മാരായി പിടിച്ചുനിന്നു. പാർട്ടി സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യവുമായി മുന്നോട്ടു പോയി. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഛത്തീസ്ഗഡിൽ വൻ തിരിച്ചുവരവ് കോൺഗ്രസിനു സാധ്യമായത് അങ്ങനെയാണ്. ഛത്തീസ്ഗഡിലെ പ്രബലമായ കുർമി സമുദായത്തിലെ കർഷക കുടുംബത്തിൽ പിറന്ന ഭൂപേഷ് ബാഗേൽ 1980കളിലാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1993, 98, 2003 തിരഞ്ഞെടുപ്പുകളിൽ പഠാൻ മണ്ഡലത്തിൽനിന്ന് എംഎൽഎ.
ഇതിനിടെ 2000ത്തിൽ മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി. 2008 ൽ പഠാനിൽ പരാജയപ്പെട്ടു. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്പുരിൽ മൽസരിച്ചെങ്കിലും ജയിക്കാനായില്ല. 2013 ൽ പഠാനിൽനിന്നു തിരിച്ചു വരവ്. ഇത്തവണയും അവിടെനിന്നു തന്നെ ജയം. അഞ്ചാമൂഴത്തിൽ പഠാൻ എംഎൽഎ സംസ്ഥാന മുഖ്യമന്ത്രിയാകുന്നു. 15 വർഷമായി ഛത്തീസ്ഗഡ് ഭരിച്ചു പോന്ന ബിജെപിയുടെ രമൺ സിങ്ങിനെതിരെ ശക്തമായ നിലപാടുകളെടുത്തുവെന്നതാണ് ബാഗേലിന്റെ പ്രത്യേകത.
മറ്റു കോൺഗ്രസ് നേതാക്കളെല്ലാം മുഖ്യമന്ത്രിയോട് മൃദുസമീപനം പുലർത്തിയപ്പോൾ ബാഗേൽ, രമൺ സിങ്ങിനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെയും വെറുതെ വിട്ടില്ല. വിവാദമുക്തനല്ല ബാഗേലും. സംസ്ഥാന മന്ത്രിക്കെതിരെ ലൈംഗികാരോപണ സിഡിയുണ്ടാക്കിയതിനുപിന്നിൽ ബാഗേലാണെന്ന ആരോപണം ബിജെപി വലിയ പ്രചാരണ വിഷയമാക്കിയിരുന്നു. ഈ കേസിൽ ഇടയ്ക്ക് അറസ്റ്റിലായ ബാഗേൽ, ജാമ്യത്തിനു ശ്രമിക്കാതെ ജയിലിൽ സത്യഗ്രഹം കിടന്നു. ബാഗേലിനും കുടുംബാംഗങ്ങൾക്കുമെതിരെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ കേസുകളും നിലവിലുണ്ട്.എന്നാൽ, ഈ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നു കോൺഗ്രസ് പറയുന്നു.