മുംബൈ∙ 1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷാവിധികൾക്ക് പതിറ്റാണ്ടുകളുടെ കാലതാമസമുണ്ടാകാൻ കാരണം നീതിന്യായ സംവിധാനത്തിനു മേലുണ്ടായ ‘സ്വാധീന’മാണെന്നു ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. പല അന്വേഷണ കമ്മിഷനുകൾ ഉണ്ടായി. പക്ഷേ, ഇരകൾക്കു നീതി കിട്ടിയില്ല. പൊലീസ് അക്കാലത്ത് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. – കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന് സിഖ് വിരുദ്ധ കലാപത്തിൽ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് ഷാ ഇങ്ങനെ പ്രതികരിച്ചു: ‘കമൽനാഥ് സിഖ് വിരുദ്ധ മാർച്ച് നയിക്കുന്നത് പലരും കണ്ടിട്ടുണ്ട്. 2014 ൽ എൻഡിഎ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇതടക്കം സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അന്വേഷിക്കുകയാണ്.
സുപ്രീം കോടതി എല്ലാ ദിവസവും വാദം കേൾക്കുകയാണെങ്കിൽ അയോധ്യകേസിൽ 10 ദിവസം കൊണ്ടു വിധി പറയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്നു കേസിൽ തീർപ്പാക്കണമെന്ന് ബിജെപി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണ്. രാമക്ഷേത്രം അതേ സ്ഥലത്തുതന്നെ നിർമിക്കണം – ഷാ പറഞ്ഞു.