ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ (73) കോടതിയില്‍ കീഴടങ്ങി. പൊലീസ് സജ്ജന്‍കുമാറിനെ തിഹാര്‍ ജയിലിലേക്കു കൊണ്ടുപോകും. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന സജ്ജന്‍കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ശിക്ഷയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെ 6 പ്രതികളും 31നു കീഴടങ്ങണമെന്നും ഡല്‍ഹി വിട്ടുപോകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിധിക്കു പിന്നാലെ സജ്ജന്‍കുമാര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു. നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. സജ്ജന്‍ കുമാറിനെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവു തള്ളിയാണു ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി ജീവിതാന്ത്യം വരെയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
1984 ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം ദക്ഷിണ-പശ്ചിമ ഡല്‍ഹിയിലെ പാലം കോളനി രാജ്‌നഗറില്‍ നവംബര്‍ ഒന്നിന് സിഖുകാര്‍ക്കെതിരെ മാരകായുധങ്ങളുമായി നടത്തിയ അക്രമത്തില്‍ കേഹാര്‍ സിങ്, ഗുര്‍പ്രീത് സിങ്, രഘുവേന്ദര്‍ സിങ്, നരേന്ദര്‍ പാല്‍ സിങ്, കുല്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍കുമാര്‍ ശിക്ഷിക്കപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ഔട്ടര്‍ ഡല്‍ഹിയില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു സജ്ജന്‍ കുമാര്‍. ഗൂഢാലോചന, കുറ്റകൃത്യത്തിനു പ്രേരിപ്പിക്കല്‍, വീടുകള്‍ക്കും ഗുരുദ്വാരകള്‍ക്കും തീയിടല്‍ തുടങ്ങിയവയാണു കുറ്റങ്ങള്‍.
മറ്റു പ്രതികളില്‍ ചിലര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയും മറ്റു ചിലരുടേത് ഉയര്‍ത്തുകയും ചെയ്തിരുന്നു. മുന്‍ എംഎല്‍എമാരായ മഹേന്ദര്‍ യാദവ്, കിഷന്‍ ഖോഖര്‍, നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഭാഗ്മല്‍, കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ബല്‍വാന്‍ ഖോഖര്‍, ഗിര്‍ധാരി ലാല്‍ എന്നിവരാണു മറ്റു പ്രതികള്‍. ഇതില്‍ മുന്‍ എംഎല്‍എമാര്‍ക്ക് വിചാരണക്കോടതി വിധിച്ച 3 വര്‍ഷം തടവ് ഹൈക്കോടതി 10 വര്‍ഷമാക്കി ഉയര്‍ത്തി. മറ്റുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവച്ചിരുന്നു.