ചണ്ഡിഗഡ് ∙ വ്യോമസേനയുടെ ചരക്കുനീക്ക ശേഷിയിൽ ചരിത്രം കുറിച്ച് 16 ചരക്കു വിമാനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ 463 ടൺ സാധനങ്ങൾ ചണ്ഡിഗഡ് വ്യോമത്താവളത്തിൽ നിന്ന് ലഡാക്ക് മേഖലയിലെ വിവിധ എയർ ഫീൽഡുകളിൽ എത്തിച്ചു.
സി–17 ഗ്ലോബ്മാസ്റ്റർ (70 ടൺ ശേഷി), ഐഎൽ–76 ഗജരാജ് (45 ടൺ), എഎൻ – 32 (6 ടൺ) വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചത്. എല്ലാ വിമാനങ്ങളും ചണ്ഡിഗഡ് വ്യോമത്താവളത്തിൽ നിന്നാണ് ചരക്കു കയറ്റിയതും പറന്നതും. വലിയ വിമാനങ്ങൾ ലേയിൽ സാധനങ്ങളിറക്കി, ചെറു വിമാനങ്ങൾ മുന്നണിയിലും. നിശ്ചിത സമയത്തിനുള്ളിൽ 500 ടൺ സാധനങ്ങൾ അതിർത്തിയിൽ എത്തിക്കുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമായായിരുന്നു ഈ ഓപ്പറേഷൻ.