അമിത് ഷായെ ഉന്നമിട്ട് ഗഡ്‌കരിയുടെ അമ്പ്

നിതിന്‍ ഗഡ്കരി, അമിത് ഷാ

ന്യൂഡൽഹി ∙ ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടേത് ഒളിയമ്പുകളോ സാന്ദർഭിക പരാമർശങ്ങളോ? ബിജെപിയിൽ ഒരു വിഭാഗത്തിനു സംശയമില്ല– അടുത്ത കാലത്തു ഗഡ്കരി നടത്തിയ പ്രസ്താവനകൾ ഒളിയമ്പുകൾ തന്നെ.

രാഷ്ട്രീയ പരാജയങ്ങൾക്കു നേതൃത്വം ഉത്തരവാദിത്തമേൽക്കണമെന്നു ഗഡ്കരി ഒന്നിലേറെ തവണ അഭിപ്രായപ്പെട്ടുകഴിഞ്ഞു. താനാണ് പാർട്ടി അധ്യക്ഷനെങ്കിൽ പാർട്ടി എംപിമാരുടെയും എംഎൽഎമാരുടെയും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് ഗഡ്കരിയുടെ ഏറ്റവും പുതിയ പ്രസ്താവന.

ഈയിടെ തലസ്ഥാനത്ത് ഐബി ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിനിടെയായിരുന്നു ആദ്യ പരാമർശം. ‘ആഭ്യന്തര മന്ത്രാലയത്തിന്റെ വിജയത്തിനു പിന്നിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ്. എംപിമാരും എംഎൽഎമാരും മികവു കാട്ടുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടി അധ്യക്ഷൻ ഏറ്റെടുക്കണം’, ഗഡ്കരി പറഞ്ഞു.

‘വിജയത്തിനു പല അവകാശികൾ, തോൽവി അനാഥം, എന്നാൽ, മികവുറ്റ നേതൃത്വം തോൽവിയുടെ ഉത്തരവാദിത്തമേൽക്കുക തന്നെ വേണം’ എന്നായിരുന്നു 3 സംസ്ഥാനങ്ങളിൽ പാർ‌ട്ടിക്കുണ്ടായ തിരിച്ചടിക്കുശേഷം നടത്തിയ ‌പ്രസ്താവന. ജവഹർലാൽ നെഹ്റുവിനെ പ്രകീർത്തിച്ച നിതിൻ ഗഡ്കരി സഹിഷ്ണുതയാണ് ഏറ്റവും വലിയ ഗുണമെന്നും മുന വച്ച് പറഞ്ഞു.