തിരുവനന്തപുരം∙ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏറിയ പങ്കും ഇനി മുതൽ സർക്കിൾ ഇൻസ്പെക്ടർമാർ അന്വേഷിക്കും. എസ്ഐമാർക്കു സ്റ്റേഷൻ പരിധിയിലെ ക്രമസമാധാന ചുമതല മാത്രമായിരിക്കും. ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടിക പരിഷ്കരിച്ചുള്ള സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു മാറ്റം.
ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിലുൾപ്പെട്ട 26 ഇനം കുറ്റകൃത്യങ്ങളിൽ 23 എണ്ണവും സിഐമാർ അന്വേഷിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എസ്ഐമാർ അന്വേഷിച്ചിരുന്ന കേസുകൾ സർക്കിൾ ഇൻസ്പെക്ടർമാരായിരിക്കും മേലിൽ അന്വേഷിക്കുക. എൻഐഎ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും പട്ടികയിലുൾപ്പെടും.
പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല എസ്ഐ മാരിൽനിന്നു സിഐമാർക്കു കൈമാറുന്നതിനു മുന്നോടിയായാണു പരിഷ്കാരം. ഉത്തരവ് ഇന്നലെ നിലവിൽ വന്നു. ഉത്തരവനുസരിച്ച് എസ്ഐമാർക്ക് ഇനി സ്റ്റേഷൻ അതിർത്തിയിലെ ക്രമസമാധാന പരിപാലനത്തിന്റെ ചുമതല മാത്രമേ ഉണ്ടാകുകയുള്ളൂ.
കേസുകളുടെ എണ്ണം വർധിക്കുന്നതു കാരണം അന്വേഷണം ഇഴയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു പുതിയ ക്രമീകരണം. പട്ടികയിലുൾപ്പെട്ട കേസുകളിൽ അതതു ഡിവൈഎസ്പിമാർ ഒന്നാം സൂപ്പർവൈസറി ഓഫിസറും എസ്പി രണ്ടാം സൂപ്പർവൈസറി ഓഫിസറുമാകും.
കള്ളനോട്ടു കേസുകൾ, യുഎപിഎ, സ്ത്രീധന മരണം എന്നീ കേസുകളുടെ അന്വേഷണം ഡിവൈഎസ്പിമാർ നേരിട്ടു നടത്തും. പട്ടികയിൽപ്പെട്ടതും സിബിസിഐഡി വിഭാഗം അന്വേഷിക്കുന്നതുമായ കേസുകൾ ഇനി എസ്പി അന്വേഷിക്കും.
ഐപിസി 304 എ പ്രകാരം രണ്ടിലധികം പേർ മരിക്കുന്ന കേസുകൾ, എസ്ഐ റാങ്കിനു താഴെയുള്ള പൊലീസുകാർ പ്രതികളാകുന്ന കോഗ്‌നിസിബിൾ കേസുകൾ എന്നിവയെ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽനിന്നു നീക്കിയിട്ടുണ്ട്.