Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശത്തേക്കു വെടിവച്ച സംഭവം സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കും

വഴിക്കടവ് ∙ സംഘർഷത്തിനിടയിൽ എസ്ഐ ആകാശത്തേക്കു വെടിവച്ച സംഭവം സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കും. എസ്ഐ കെ.ബി.ഹരികൃഷ്ണനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണിത്. എസ്ഐയെ വഴിക്കടവ് സ്റ്റേഷൻ ചുമതലയിൽനിന്നു മാറ്റി. തൽക്കാലത്തേക്കു ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണു നിയോഗിച്ചിട്ടുള്ളത്.

അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം ഭാവിയിലെ കാര്യം തീരുമാനിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ പറഞ്ഞു. എസ്ഐയെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിലായ പ്രതികളുടെ ജാമ്യാപേക്ഷ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. വഴിക്കടവ് വെട്ടുകത്തിക്കോട്ട സ്വദേശികളായ ഏമങ്ങാട്‌വീട്ടിൽ സുബിൻ (27), സഹോദരൻ ജിതിൻ (22) എന്നിവരാണു മ‍ഞ്ചേരി സബ് ജയിലിൽ റിമാൻഡിലുളളത്.

പരുക്കേറ്റ എസ്ഐ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, നിരപരാധികളായ സഹോദരങ്ങളെ മർദിച്ച എസ്ഐക്കെതിരെ നടപടി വേണമെന്നും വെടിവയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സിപിഎം ലോക്കൽ കമ്മിറ്റി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ എസ്ഐ നിലവിട്ടു പെരുമാറുകയായിരുന്നുവെന്നാണു സിപിഎം ആരോപണം.