കണ്ണൂർ ∙ കേരള ഹൈക്കോടതിയിൽ ഒരു സംഘം അഭിഭാഷകർ ഏർപ്പെടുത്തിയ മാധ്യമവിലക്ക് നീക്കണമെന്നു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകർക്കു തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്യം വേണമെന്നാണു ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഒരു സംഘം അഭിഭാഷകരുടെ മുഷ്ക് കാരണം മാധ്യമപ്രവർത്തകർക്കു കോടതിക്ക് അകത്തുകയറാനാവാത്ത സ്ഥിതിയാണ്.
പ്രശ്നത്തിൽ മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലും ഇടപെട്ടെങ്കിലും പരിഹരിക്കാനായില്ല. ഒടുവിൽ സഹികെട്ടാണു കോടതി ആരുടെയും സ്വകാര്യസ്വത്തല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്.
മലയാളഭാഷ അറിയുന്നവർക്ക് അതിന്റെ അർഥം മനസ്സിലായിട്ടുണ്ടാവും. മാധ്യമവിലക്കിനെതിരെ സംയുക്ത ട്രേഡ് യൂണിനുകളുടെ നേതൃത്വത്തിൽ 21നു ഹൈക്കോടതി മാർച്ച് നടത്തുമെന്നും എളമരം പറഞ്ഞു.