Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് സെക്രട്ടറിക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജി

SM Vijayanand

തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി. വിജിലൻസ് ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയുമുൾപ്പെടെ നൽകുന്ന റിപ്പോർട്ടുകൾ അട്ടിമറിച്ചു കുറ്റാരോപിതർക്കു ചോർത്തി നൽകി പാരിതോഷികം പറ്റുന്നതായാണു പ്രധാന ആരോപണം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി 19നു നിലപാട് അറിയിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിനെതിരെ സമരം ചെയ്യുന്നതിന്റെയും വെല്ലുവിളിക്കുന്നതിന്റെയും ഉപജ്ഞാതാവും മുഖ്യ തലച്ചോറും ചീഫ് സെക്രട്ടറിയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

മറ്റ് ആരോപണങ്ങൾ:

ആരോപണ വിധേയർക്കു രഹസ്യ രേഖകൾ കൈമാറി സർക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കുന്ന അഴിമതിക്കാരെ സംരക്ഷിക്കുന്നു. വിജിലൻസ് ഡയറക്റും ആഭ്യന്തര അഡീഷൽ ചീഫ് സെക്രട്ടറിയും മന്ത്രിമാരും അഴിമതിയുമായി ബന്ധപ്പെട്ടു നൽകിയ ശുപാർശകളും റിപ്പോർട്ടുകളും പൂഴ്ത്തിവച്ചു. അനധികൃത സ്വത്തുസമ്പാദനത്തിനു കേസുള്ള ടോം ജോസിനെതിരെ നടപടി വേണമെന്നും തൽസ്ഥാനത്തുനിന്നു മാറ്റണണമെന്നും വിജിലൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ട് തള്ളി. ടോം ജോസുമായി ചേർന്നു ഗൂഢാലോചന നടത്തി അദ്ദേഹത്തെ ചീഫ് സെക്രട്ടറി രക്ഷപ്പെടുത്തിയതു കോടതിയലക്ഷ്യമാണ്.

ഗതാഗത കമ്മിഷണറായിരുന്ന എഡിജിപി: ആർ.ശ്രീലേഖയ്ക്കെതിരെ വിജിലൻസ് കേസ് എടുക്കണമെന്നും സർക്കാരിനു നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കണമെന്നുമുള്ള റിപ്പോർട്ട് അ‍ഞ്ചു മാസം പൂഴ്ത്തിവച്ചു. ആരോപണ വിധേയയ്ക്കു ബന്ധപ്പെട്ട രഹസ്യരേഖകൾ കൈമാറി. ഇതു സംബന്ധിച്ചു കോടതിയിൽ നവംബർ 17നു ഹർജി വന്നപ്പോൾ ശ്രീലേഖയ്ക്കെതിരെ നടപടി വേണ്ടെന്നു രേഖപ്പെടുത്തി തൊട്ടടുത്ത ദിവസം ഫയൽ അവസാനിപ്പിച്ചു. ഇതും കോടതിയലക്ഷ്യമാണ്. ഡിജിപി: ടി.പി.സെൻകുമാറിനെതിരെ കോഴിക്കോടു സ്വദേശി നൽകിയ പരാതിയിൽ അദ്ദേഹത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ആഭ്യന്തര അഡീഷനൽ സെക്രട്ടറി നളിനി നെറ്റോ ഫയലിൽ രേഖപ്പെടുത്തി. എന്നാൽ ഇതു മുഖ്യമന്ത്രിക്കു കൈമാറാതെ നടപടി ആവശ്യമില്ലെന്നു ഫയലിൽ രേഖപ്പെടുത്തി.

ചീഫ് സെക്രട്ടറിയായി വന്നശേഷം വിജിലൻസിൽനിന്നും മറ്റു വകുപ്പുകളിൽനിന്നും ലഭിച്ച നൂറോളം നടപടി ശുപാർശകൾ പൂഴ്ത്തി. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് ഡയറക്ടർ ആവശ്യപ്പെടുന്ന പല റിപ്പോർട്ടുകളും നൽകാറില്ല. അതിനാൽ എസ്.എം.വിജയാനന്ദിനെതിരെ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ നിയമ പ്രകാരവും കേസ് എടുക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും മറ്റും സ്ഥിരം പരാതി നൽകുന്ന പായിച്ചറ നവാസാണ് ഈ പരാതിയും കോടതിയിൽ നൽകിയത്.