Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫയലുകൾ പൂഴ്ത്തിയെന്ന് ആരോപണം: ചീഫ് സെക്രട്ടറിക്കെതിരായ ഹർജി തള്ളി

SM Vijayanand

തിരുവനന്തപുരം∙ ഫയലുകൾ പൂഴ്ത്തിയെന്നാരോപിച്ചു ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായി നൽകിയ ഹർജി വിജിലൻസ് പ്രത്യേക കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വേഷണ ശുപാർശകൾ ചീഫ് സെക്രട്ടറി പൂഴ്ത്തുന്നുവെന്നായിരുന്നു പരാതി. ഫയൽ പൂഴ്ത്തിയതിനു തെളിവില്ലെന്നും അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.

അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ പരാതി വരില്ലെന്നും കോടതി വ്യക്തമാക്കി. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ഫയലും ചീഫ് സെക്രട്ടറിക്ക് അയച്ച വിജിലൻസ് അന്വേഷണ ശുപാർശ റിപ്പോർട്ടുകളും വിജിലൻസ് കഴിഞ്ഞ തവണ ഹാജരാക്കിയിരുന്നു. കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനെന്നു കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണത്തിലും വകുപ്പുതല നടപടിയിലുമുള്ള ഫയലുകൾ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നായിരുന്നു പായിച്ചറ നവാസ് നൽകിയ ഹർജിയിലെ പ്രധാന ആരോപണം. ഹർജിയിൽ ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ ഗവൺമെന്റ് പ്ലീഡറെയും കോടതി വിമർശിച്ചു. പ്രോസിക്യൂഷൻ ഹാജരാകേണ്ട കേസിൽ ഗവൺമെന്റ് പ്ലീഡർ ഹാജരായതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. എന്ത് അധികാരത്തിലാണു ഹാജരായതെന്നും കോടതി ചോദിച്ചു.

Your Rating: