തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി പോൾ ആന്റണി 30നു വിരമിക്കുന്ന സാഹചര്യത്തിൽ, ഇന്നു പുതിയ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം തീരുമാനിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസിനാണു സാധ്യത. ടോം ജോസ് ചീഫ് സെക്രട്ടറിയാവുകയാണെങ്കിൽ ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണയ്ക്ക് അഡീഷനൽ ചീഫ് സെക്രട്ടറി പദവിയിലേക്കു സ്ഥാനക്കയറ്റം ലഭിക്കും.
പോൾ ആന്റണിയെക്കാൾ സീനിയറായ ഡോ. എ.കെ.ദുബെ, അരുണ സുന്ദര രാജൻ എന്നിവർ ഇപ്പോൾ കേന്ദ്രത്തിൽ സെക്രട്ടറിമാരാണ്. ഇവർ കേരളത്തിലേക്കു വരാത്ത സാഹചര്യത്തിലാണു പോൾ ആന്റണി ചീഫ് സെക്രട്ടറിയായത്. കേന്ദ്രത്തിൽ തന്നെ സെക്രട്ടറിയായ ആനന്ദ്കുമാറാണ് പോൾ ആന്റണി കഴിഞ്ഞാൽ സീനിയർ. അദ്ദേഹവും ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കാൻ കേരളത്തിലേക്കു വരാനിടയില്ല. ഈ സാഹചര്യത്തിലാണു ടോം ജോസിനു സാധ്യത.