തിരുവനന്തപുരം∙ ഉത്തരമേഖലയിൽ ഡിജിപി പദവിയിൽ രാജേഷ് ദിവാനെ നിയമിച്ചു സർക്കാർ ഉത്തരവായി. ചൊവ്വാഴ്ച ചുമതലയേൽക്കുമെന്നു രാജേഷ് ദിവാൻ അറിയിച്ചു. നേരത്തെ രാജേഷ് ദിവാൻ ഉൾപ്പെടെ 18 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയപ്പോൾ ഡിജിപി പദവിയിൽ നിന്ന് ഉത്തരമേഖല എഡിജിപി പദവിയിലേക്കു തരം താഴ്ത്തി എന്ന പരാതി ഉന്നയിച്ച് അദ്ദേഹം ചുമതലയേറ്റിരുന്നില്ല.
അതേസമയം ഇദ്ദേഹത്തിന്റെ 1986 ബാച്ചിലെ മുഹമ്മദ് യാസിനെ ഇന്റലിജൻസ് മേധാവിയായി ഡിജിപി തസ്തികയിൽ തന്നെ നിയമിച്ചു. ഉത്തരവിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും സ്ഥാനമേൽക്കാത്തതോടെയാണു രാജേഷ് ദിവാന്റെ ഡിജിപി തസ്തിക പുനഃസ്ഥാപിച്ചു സർക്കാർ ഉത്തരവായത്. രാജേഷ് ദിവാൻ ഉത്തരമേഖലയിൽ ചുമതലയേൽക്കുന്നതോടെ നിലവിൽ അവിടെ എഡിജിപി ആയ സുധേഷ്കുമാർ ബറ്റാലിയൻ എഡിജിപിയായി സ്ഥാനമേൽക്കും.