തിരുവനന്തപുരം∙ കെഎസ്‌യുവിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി ‘എ’ ഗ്രൂപ്പിലെ കെ.എം.അഭിജിത്തിനെ തിരഞ്ഞെടുത്തു. ‘ഐ’യിലെ വി.പി.അബ്ദുൽ റഷീദിനെ 1976 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി ‘എ’ സംഘടനയിലെ മേൽക്കൈ നിലനിർത്തി.
അഭിജിത്തിന് 2774 വോട്ടും അബ്ദുൽ റഷീദിന് 714 വോട്ടും ലഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർമാനായിരുന്ന അഭിജിത്ത് നിലവിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
പരാജയപ്പെട്ട അബ്ദുൽ റഷീദ് വൈസ് പ്രസിഡന്റാകും. ജനറൽ സെക്രട്ടറിമാരിൽ ‘ഐ’ക്കാണ് ആധിപത്യം. ഏഴുപേർ അവരുടെ വിഭാഗത്തിൽനിന്നും അഞ്ചുപേർ ‘എ’യിൽനിന്നും.
സംസ്ഥാന സെക്രട്ടറിമാരായി ‘എ’യിൽനിന്ന് ഒൻപതു പേരും ‘ഐ’യിൽനിന്ന് ആറുപേരും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജെ.എസ്.അഖിലും തനൂജ താജും ‘എ’ വിഭാഗക്കാരാണ്. ‘ഐ’യിൽനിന്ന് അബിൻ വർക്കി.
അഞ്ചു ദിവസമായി ജില്ലകളിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു പുറത്തുവന്നത്. ജില്ലകളിൽ 11 എണ്ണവും ‘എ’ക്കൊപ്പമാണ്.
വോട്ടെണ്ണൽ സമാധാനപരമായിരുന്നുവെങ്കിലും രാത്രി മാധ്യമ പ്രവർത്തകരുമായി സംഘർഷം ഉണ്ടായി. ‘എ’ വിഭാഗത്തിലെ ചിലരുമായാണു വാക്കേറ്റം നടന്നത്. ഇതേത്തുടർന്നു ദൃശ്യമാധ്യമ പ്രവർത്തകർ ഇന്ദിരാഭവൻ വിട്ടു.