മന്ത്രി മണിക്കെതിരെയുള്ള ആക്ഷേപം ഗുരുതരം: ഹൈക്കോടതി

കൊച്ചി∙ മന്ത്രി എം.എം. മണിക്കെതിരെയുള്ള ആക്ഷേപം ഗുരുതര വിഷയമാണെന്നു ഹൈക്കോടതി പരാമർശിച്ചു. സംസ്ഥാനത്ത് എന്താണു നടക്കുന്നതെന്നു വാദത്തിനിടെ ചോദിച്ച കോടതി, സംസ്ഥാന പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നും ആരാഞ്ഞു. സർക്കാരും പൊലീസ് മേധാവിയും ഹർജിയിൽ നിലപാട് അറിയിക്കണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ചു സാമാന്യമര്യാദയ്ക്കു നിരക്കാത്ത ഭാഷയിൽ പ്രസംഗിച്ച മന്ത്രി എം.എം.മണിക്കെതിരെ കേസെടുക്കാൻ ഡിജിപിക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു തൃശൂർ സ്വദേശി ജോർജ് വട്ടുകുളം നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ഹർജിയിൽ അപാകതയുണ്ടെന്നു പറഞ്ഞ കോടതി, ഉചിതമായ ഭേദഗതി വരുത്താവുന്നതാണെന്നും വ്യക്തമാക്കി. പ്രസംഗം താൻ കേട്ടില്ലെന്നു ഡിവിഷൻ ബെഞ്ചിലെ മുതിർന്ന ജഡ്ജി പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടോ എന്നും ചോദിച്ചു. ഹർജി നൽകിയ ശേഷം പരാതി നൽകിയെന്നായിരുന്നു മറുപടി.

ഫോൺകെണി കേസിൽ മറ്റൊരു മന്ത്രിക്കെതിരെ പരാതി വന്നെങ്കിലും മന്ത്രിക്കെതിരെ കേസെടുത്തില്ല. മന്ത്രിമാർക്കെതിരെ പരാതിപ്പെട്ടിട്ടു കാര്യമില്ലെന്നു കണ്ടാണു കോടതിയെ സമീപിച്ചതെന്നും ഹർജിഭാഗം അറിയിച്ചു. മന്ത്രിയുടെ പ്രസംഗത്തിന്റെ സിഡി പരിശോധിച്ചെന്നും സിഡി ഹാജരാക്കാമെന്നും അഡീ. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ അറിയിച്ചു. സ്ത്രീത്വത്തെ അവഹേളിക്കുന്നതൊന്നും പ്രസംഗത്തിലില്ലെന്നും മന്ത്രിയുടെ പരാമർശങ്ങൾ മാധ്യമപ്രവർത്തകർക്കെതിരെയാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. മാധ്യമ പ്രവർത്തകരും മനുഷ്യരാണെന്നും അവർക്കും പൗരാവകാശങ്ങളുണ്ടെന്നും കോടതി പ്രതികരിച്ചു.

ഇടുക്കി കുഞ്ചിത്തണ്ണിയിലെ യോഗത്തിൽ മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയോ ആഭ്യന്തര സെക്രട്ടറിയോ തയാറായിട്ടില്ലെന്ന് ആരോപിച്ചാണു ഹർജി. പതിനായിരത്തിലേറെ സ്ത്രീകൾ പങ്കെടുത്ത പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ പ്രസംഗിച്ച മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുകയാണു ചെയ്തത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഡിജിപിയോടു നിർദേശിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.

മന്ത്രി മുൻപും അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പൈനാവിലെ പോളിടെക്നിക് സ്കൂൾ പ്രിൻസിപ്പലിനെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിച്ചതാണെന്നും ഹർജിയിൽ പറയുന്നു. കഴിവുറ്റ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന പരാമർശവും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായെന്നു ഹർജിയിലുണ്ട്. കേസ് രണ്ടിനു വീണ്ടും പരിഗണിക്കും.