കോടതി പരാമർശം: മന്ത്രി മണി ഉടൻ രാജിവയ്ക്കണമെന്നു കുമ്മനം

തിരുവനന്തപുരം∙ മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗം തെറ്റാണെന്നു ഹൈക്കോടതിയും അഭിപ്രായപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. മണി സ്ത്രീകളെക്കുറിച്ചല്ല മാധ്യമപ്രവർത്തകരെക്കുറിച്ചാണു പറഞ്ഞതെന്ന സർക്കാർ നിലപാട് അപഹാസ്യമാണ്. രാജ്യത്തെ മുഴുവൻ മാധ്യമപ്രവർത്തകരെയും അപമാനിക്കുന്ന സത്യവാങ്മൂലം നൽകിയതിലൂടെ മാധ്യമങ്ങളോടുള്ള സർക്കാർ നയം ഒരുക്കൽകൂടി പുറത്തുവന്നു. ഇവിടെ മണി അച്ചടക്കലംഘനമല്ല കാണിച്ചിരിക്കുന്നത്.

പൊതു സമൂഹത്തെ, പ്രത്യേകിച്ചു സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയുമാണു ചെയ്തിരിക്കുന്നത്. സൗമ്യ കേസിൽ റിവ്യൂ ഹർജിയിലും സർക്കാരിനെതിരായ നിലപാട് ഉണ്ടാകാൻ കാരണം പ്രോസിക്യൂഷന്റെ പിഴവാണ്. ഒരു അമ്മയുടെ കണ്ണീരിനു കൂടി ഉത്തരം പറയാൻ ഇതു കാരണമായിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.