കൊച്ചി∙ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്‍ വ്യക്തിപരമായ തീരുമാനമെടുത്താല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിലാണു ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ഗവര്‍ണര്‍ പദവിയിലിരിക്കുന്ന കുമ്മനത്തോടു രാഷ്ട്രീയത്തില്‍ വരാന്‍ ആവശ്യപ്പെടാനാകില്ല. അദ്ദേഹം വ്യക്തിപരമായ തീരുമാനമെടുത്താല്‍ സഹര്‍ഷം സ്വാഗതം ചെയ്യുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെയും മനസ്സ് ബിജെപിക്കൊപ്പമാണെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. അന്‍പതിനായിരത്തില്‍പരം വോട്ടുകളുടെ വര്‍ധനയുണ്ടായാല്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലടക്കം ബിജെപിക്കു വിജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.